ഐഫോൺ 15 എത്തുന്നതോടെ പഴയ ചില ഐഫോണുകൾ നിർത്തലാക്കും

0
205

ആപ്പിൾ ഐഫോൺ 15 വിപണിയിലെത്തുന്നതോടെ പഴയ ചില ഐഫോണുകൾ നിർത്തലാക്കാൻ സാധ്യത. ഈ വർഷം അവസാനത്തോടെ ഐഫോൺ 15 അവതരിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്. എല്ലാ വർഷത്തേയും പോലെ, ഈ വർഷവും പുതിയ ഫോണുകൾക്കായി കമ്പനി പഴയ മോഡലുകൾ ഉപേക്ഷിച്ചേക്കുമെന്നാണ് വിവരം. ടോംസ് ഗൈഡിന്റെ പുതിയ റിപ്പോർട്ട് പ്രകാരം ഐഫോൺ 15 സീരീസ് ലോഞ്ച് ചെയ്‌തതിന് ശേഷം ആപ്പിൾ കുറഞ്ഞത് നാല് ഫോണുകളെങ്കിലും നിർത്തലാക്കുമെന്നാണ്. അല്ലെങ്കിൽ, നിലവിലുള്ള പഴയ മോഡലുകൾക്ക് 100 ഡോളർ വരെ വിലക്കുറവ് ലഭിക്കും.

ഒരു വർഷത്തെ വിൽപന പൂർത്തിയാക്കി കഴിഞ്ഞാൽ ആപ്പിൾ പ്രോ മോഡലുകൾ ഉപേക്ഷിക്കുകയാണ് പതിവ്. ഐഫോൺ 15 സീരീസ് ലോഞ്ചിന് ശേഷം ആപ്പിൾ, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ്, ഐഫോൺ 12, ഐഫോൺ 13 മിനി എന്നിവ നിർത്തലാക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ഐഫോൺ 14 തുട‍ർന്നും വിപണിയിലുണ്ടാകുമെങ്കിലും അതിന്റെ വില കുറയാൻ സാധ്യതയുണ്ട്. വാനില ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് (അല്ലെങ്കിൽ അൾട്രാ) എന്നിവയുടെ ലോഞ്ച് ഉടനുണ്ടാകുമെന്നാണ് സൂചന.

പുതിയ മോഡലിന്റെ വിൽപന മെച്ചപ്പെടുത്താനാണ് പഴയ മോഡലുകൾ കമ്പനി നിർത്തലാക്കുന്നത്. കഴിഞ്ഞ വർഷം ഐഫോൺ 14 സീരീസിന്റെ ലോഞ്ചിനോട് അനുബന്ധിച്ച് ഐഫോൺ 11, ഐഫോൺ 12 മിനി എന്നിവയുടെ വിൽപന നിൽത്തലാക്കിയിരുന്നു. ഐഫോൺ 14 സീരീസ്, ഐഫോൺ 13, ഐഫോൺ 13 മിനി, ഐഫോൺ 12, ഐഫോൺ എസ്ഇ (2022) എന്നീ മോഡലുകളാണ് നിലവിൽ വിൽപനയിലുള്ളത്. നാല് മോഡലുകൾ കൂടി നിർത്തലാക്കുന്നതോടെ ഐഫോൺ 13, ഐഫോൺ എസ്ഇ (2022), ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവ മാത്രമാണ് ശേഷിക്കുക.

ഇന്ത്യയിൽ, ആപ്പിൾ വില 10,000 രൂപ കുറച്ചേക്കും. നിലവിൽ ഐഫോണുകളുടെ (128 ജിബി സ്റ്റോറേജ്) വില ഇങ്ങനെ:

ഐഫോൺ 14: 79,900 രൂപ

ഐഫോൺ 14 പ്ലസ്: 89,900 രൂപ

ഐഫോൺ 14 പ്രോ: 1,29,900 രൂപ

ഐഫോൺ എസ്ഇ: 49,900 രൂപ

ഐഫോൺ 13: 69,900 രൂപ

ഐഫോൺ 12: 59,900 രൂപ (64ജിബി)

അതേസമയം, ജൂൺ 5ന് നടക്കാനിരിക്കുന്ന വേൾഡ് വൈഡ് ഡേവലപ്പേഴ്സ് കോൺഫറൻസ് (WWDC) 2023 ഇവന്റിൽ ആപ്പിൾ ആദ്യ മിക്സഡ്-റിയാലിറ്റി ഹെഡ്‌സെറ്റ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഈ വർഷം അവസാനത്തോടെ മാത്രമേ വിൽപന ആരംഭിക്കുകയുള്ളൂ. പുതിയ മാക്ബുക്ക് എയറും ആപ്പിൾ മാക് പ്രോയും കോൺഫറൻസിൽ അവതരിപ്പിച്ചേക്കും.

ഐഒഎസ് 16, ഐപാഡ് ഒഎസ് 17 എന്നിവയ്ക്ക് സമാനമായി ഐഒഎസ് 17, ഐപാഡ് ഒഎസ് 17 എന്നിവ കമ്പനി അവതരിപ്പിക്കും. വാച്ച് ഒഎസിന്റെ യൂസർ ഇന്റർഫേസ് (യുഐ) പൂർണമായും നവീകരിക്കുമെന്നും സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here