മക്കാ മസ്ജിദിൽ കയറി ജയ് ശ്രീറാം വിളിച്ചു; മൂന്ന് ഹിന്ദുത്വവാദികൾ അറസ്റ്റിൽ

0
441

ഹൈദരാബാദ്: ചരിത്ര പ്രസിദ്ധമായ ഹൈദരാബാദ് മക്കാ മസ്ജിദിൽ കയറി ജയ് ശ്രീറാം മുഴക്കിയ മൂന്ന് ഹിന്ദുത്വവാദികൾ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശികളായ വെങ്കട്ട്, അമോൽ, കർണാടക സ്വദേശി വിശാൽ എന്നിവരാണ് അറസ്റ്റിലായത്. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം.

പള്ളിയിൽ പണിക്കെത്തിയവരായിരുന്നു ഇവർ. ജോലിക്കിടെ ഇവർ മക്ക മസ്ജിദിന്റെ പടിയിൽ കയറി ഇരിക്കുകയും ഉച്ചത്തിൽ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കുകയുമായിരുന്നു. ഹുസൈനിയലം സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളും മക്ക മസ്ജിദിന്റെ സുരക്ഷാ ചുമതലക്കാരനുമായ സയ്യിദ് ഖൈസറുദ്ദീനാണ് ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്.

മുദ്രാവാക്യം കേട്ട് മുസ്‌ലിം സമുദായാംഗങ്ങൾ മസ്ജിദിന്റെ പരിസരത്ത് തടിച്ചുകൂടുകയും ഇവർക്കെതിരെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. തുടർന്ന്, പ്രകോപന മുദ്രാവാക്യം വിളിച്ച് മുസ്‌ലിം സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയതിന് ഇവർക്കെതിരെ ഹുസൈനിയലം പൊലീസ് കേസെടുത്തു.

“പൊലീസ് ഹെഡ് കോൺസ്റ്റബിളും മൂന്ന് ഹോം ഗാർഡുകൾ ഉൾപ്പെടെയുള്ള മറ്റ് സുരക്ഷാ ജീവനക്കാരും ചേർന്ന് വെങ്കട്ട്, അമോൽ, വിശാൽ എന്നീ മൂന്ന് പേരെ ഉടൻ പിടികൂടി”- ഹുസൈനിലം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജെ പ്രിയങ്ക പറഞ്ഞു. മക്ക മസ്ജിദ് പ്രദേശത്തെ സമാധാനം തകർക്കാൻ മൂന്ന് പേരും ശ്രമിച്ചുവെന്ന് പൊലീസ് എഫ്‌ഐആറിൽ ചൂണ്ടിക്കാട്ടി.

സംഭവത്തിൽ പ്രതികൾക്കെതിരെ ഐപിസി 295 (എ) (മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ), 298 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here