എലത്തൂർ ട്രെയിൻ ആക്രമണം: യാത്രക്കാരുടെ സുരക്ഷയിൽ വീണ്ടും ആശങ്ക; പ്രതിക്കായി വ്യാപക തിരച്ചിൽ

0
158

കോഴിക്കോട്: എലത്തൂരിൽ ട്രെയിനിൽ തീയിട്ട പ്രതിക്കായി വ്യാപക തെരച്ചിൽ. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തി. അന്വേഷണ പുരോഗതി വിലയിരുത്താൻ ഇന്ന് ഉന്നതതലയോഗം ചേരുംയ നോയിഡ സ്വദേശി ഷഹറൂഖ് ഫൈസിയാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് നിഗമനം. സംഭവം ആസൂത്രിതമെന്നും പോലീസിന് വിലയിരുത്തൽ ഉണ്ട്. ക്രമസമാധാന ചുമതലയുള്ള എ ഡിജിപി എം ആർ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തുന്നത്. അക്രമം നടന്ന ട്രെയിനിലെ രണ്ടു ബോഗികളും കണ്ണൂര്‍ റയില്‍വേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിന് സമീപം നിര്‍ത്തിയിട്ടിരിക്കുകയാണ്. പൊലീസ് സീല്‍ ചെയ്ത ബോഗികള്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കൈമാറാന്‍ റയില്‍വേ ആവശ്യപ്പെട്ടിട്ടുണ്ട്.

എലത്തൂരിൽ ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിലുണ്ടായ അക്രമം യാത്രക്കാരുടെ സുരക്ഷയിൽ വീണ്ടും ആശങ്ക നിറച്ചു. കംപാർട്ട്മെന്‍റിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നെങ്കില്‍ അക്രമം ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്ന് രക്ഷപ്പെട്ട യാത്രക്കാർ പറയുന്നു. അക്രമിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് മറ്റ് യാത്രക്കാർ.

കണ്ണൂർ തോട്ടട സ്വദേശി ജോയിയ്ക്കും കുടുംബത്തിനും എക്സിക്യൂട്ടിവ് എക്സപ്രസ്സിലുണ്ടായ നടുക്കുന്ന സംഭവത്തിന്‍റെ ഞെട്ടൽ വിട്ട് മാറിയിട്ടില്ല. ഭാര്യ സിന്ധുവിനും മകൾ ജസ്നിതക്കുമൊപ്പം ചേർത്തലയിലെ ബന്ധു വീട്ടിൽ പോയി മടങ്ങുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. കണ്ണടച്ചാൽ തീപ്പൊള്ളലേറ്റ് പിടിയുന്നവരുടെ ഓർമകളാണ്. പൊളളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ പോലും വളരെയധികം ബുദ്ധിമുട്ടിയതായി ജോയി പറയുന്നു. യാത്രക്കാർ സമയോചിതമായി ഇടപെട്ടത് കൊണ്ടാണ് വലിയ അപകടം ഒഴിവായതെന്നും ജോലി പറഞ്ഞു.

‘ട്രെയിനില് കയറുന്ന കാര്യം ചിന്തിക്കാൻ പോലും ഭയം തോന്നുകയാണ്. മതിയായ സുരക്ഷ ഇനിയെങ്കിലും ട്രെയിനുകളിൽ ഏർപ്പെടുത്താൻ തയ്യാറാകണമെന്നാണ് സിന്ധു പറയുന്നത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ജസ്നിതയുടെ സുഹൃത്തുക്കളും ഇതേ ആശങ്കയിലാണ്. സൗമ്യ അക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം യാത്രക്കാരുടെ സുരക്ഷ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന പ്രഖ്യാപനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് എലത്തൂരിലെ അക്രമം തെളിയിക്കുന്നതായും ഇവർ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here