ഏലത്തൂര്‍ തീവണ്ടി ആക്രമണം; ഇനിമുതല്‍ കുപ്പിയില്‍ പെട്രോള്‍ കിട്ടില്ല; വാഹനങ്ങളില്‍ പാചകവാതകം കൊണ്ടുപോകുന്നതിനും വിലക്ക്

0
201

സംസ്ഥാനത്ത് ഇനി മുതല്‍ സ്വകാര്യ വാഹനങ്ങളില്‍ പാചകവാതകം കൊണ്ടു പോകുന്നതിനും കുപ്പിയില്‍ പെട്രോള്‍ വാങ്ങുന്നതിനും വിലക്ക്. ഏലത്തൂര്‍ ട്രെയിന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വിലക്ക്. ഇത് സംബന്ധിച്ച 2002 ലെ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) നിയമം കര്‍ശനമാക്കി.

നിയമം കര്‍ശനമാക്കിയതോടെ വാഹനത്തിലെ ഇന്ധനം തീര്‍ന്നാല്‍ പോലും കുപ്പിയുമായി പമ്പുകളില്‍ ചെന്നാല്‍ ഇനി മുതല്‍ ഇന്ധനം ലഭിക്കില്ല. വീടുകളിലേക്ക് എല്‍പിജി സിലിണ്ടറുകള്‍ ഓട്ടോയിലോ മറ്റ് ടാക്‌സി വാഹനങ്ങളിലോ കൊണ്ടുപോയാലും നടപടിയുണ്ടാകും.

യാത്രക്കാരുമായി പോകുന്ന ബസുകള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്ന രീതിയും അവസാനിക്കും. യാത്രാ ബസുകള്‍ യാത്രക്കാരെ പമ്പിന്റെ സുരക്ഷിത അകലത്തില്‍ നിര്‍ത്തി മാത്രമേ ഇന്ധനം നിറയ്ക്കാന്‍ അനുവദിക്കു.

ട്രെയിനുകളില്‍ പാഴ്സലായി വാഹനം കൊണ്ടുപോകമ്പോള്‍ അതില്‍ ഇന്ധനം ഉണ്ടാവരുതെന്ന റെയില്‍വേ നിയമം നിലവിലുണ്ട്. പെട്രോള്‍, ഡീസല്‍, എല്‍പിജി ഉള്‍പ്പെടെയുളളവ ഏജന്‍സികളുടെ സുരക്ഷിത വാഹനങ്ങളും വിദഗ്ധ തൊഴിലാളികളുമില്ലാതെ കൊണ്ടുപോകാന്‍ അനുവദിക്കില്ല.

നിയമം ലംഘിച്ചാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് പെസോ അറിയിച്ചു. ഐഒസി, ബിപിഎല്‍ ഉള്‍പ്പെടെയുളള പെട്രോളിയം സ്ഥാപനങ്ങള്‍ക്കും പെസോ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here