രേഖാചിത്രത്തിന് പ്രതിയുമായി സാമ്യമില്ല എന്ന് വിമർശനം; പ്രതികരണവുമായി കേരളാ പൊലീസ്

0
363

കോഴിക്കോട്: രേഖാചിത്രവും പ്രതിയുടെ സാമ്യതയും സംബന്ധിച്ച് ഉയർന്ന വിമർശനങ്ങളിൽ മറുപടിയുമായി കേരള പൊലീസ്. കോഴിക്കോട് എലത്തൂരിൽ ട്രെയിനിന് തീ കൊളുത്തിയ പ്രതിയെ പിടികൂടിയതിന് പിന്നാലെയാണ് പൊലീസ് പുറത്തു വിട്ട രേഖാചിത്രത്തെക്കുറിച്ച് നവമാദ്ധ്യമങ്ങളിലടക്കം വിമർശനം ഉയർന്നത്. പിടികൂടിയ പ്രതിയുമായി രേഖാചിത്രത്തിന് യാതൊരു വിധ സാമ്യവുമില്ല എന്നായിരുന്നു ആക്ഷേപം. എന്നാൽ എപ്പോഴും കൃത്യത വരാൻ പ്രതിയെ നേരിട്ട് കണ്ട് വരയ്ക്കുന്നതല്ല രേഖാചിത്രം എന്നാണ് പൊലീസിന്റെ പ്രതികരണം.

പ്രതിയെ നേരിട്ട് കണ്ട് വരക്കുന്നതല്ല രേഖാചിത്രം. പ്രതിയെ കണ്ടവർ ഓർമ്മയിൽ നിന്ന് പറഞ്ഞുകൊടുക്കുന്ന ലക്ഷണങ്ങൾ വച്ചിട്ടാണ് രേഖാചിത്രം തയ്യാറാക്കുന്നത്. പറഞ്ഞുകിട്ടുന്ന ഫീച്ചേഴ്സ് എപ്പോഴും ശരിയാവണം എന്നില്ല. ശരിയായിട്ടുള്ള നിരവധി കേസുകളും ഉണ്ട്. കുറ്റകൃത്യം നടന്ന സമയത്ത് ഉണ്ടാകുന്ന പരിഭ്രാന്തിയിൽ, ദൃക്‌സാക്ഷികൾ കുറ്റവാളികളെ കൃത്യമായി ഓർത്തെടുക്കാൻ തക്ക മാനസികാവസ്ഥയിൽ ആകണമെന്നും ഇല്ല. കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റായി കുറിച്ചു. കേസിലെ പ്രതി ഷാരൂഖ് സെയ്ഫി പിടിയിലായെന്ന് അറിയിക്കുന്ന സംസ്ഥാന പൊലീസ് മേധാവിയുടെ വീഡിയോയ്ക്ക് താഴെയാണ് കമന്റ് പ്രത്യക്ഷപ്പെട്ടത്.

അതേസമയം എലത്തൂരിൽ ട്രെയിനിന് തീ വച്ച കേസിൽ പിടിയിലായ പ്രതി ഷാരൂഖ് സെയ്‌ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എ.ടി.എസ് വൃത്തങ്ങൾ അറിയിച്ചു. ഇയാളിൽ നിന്ന് മൊബൈൽ ഫോൺ,​ എ.ടി.എം കാർഡ്,​ ആധാർ,​ പാൻ കാർഡുകളും പിടിച്ചെടുത്തു. തുടരന്വേഷണത്തിനായി കേരള പൊലീസിന് കൈമാറിയെന്നും മഹാരാഷ്ട്ര എ.ടി.എസ് വ്യക്തമാക്കി.

മഹാരാഷ്ട്ര പൊലീസിലെ ഭീകരവിരുദ്ധ വിഭാഗവും കേന്ദ്ര ഇന്റലിജൻസ് ഏജൻസികളും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ രത്നഗിരിയിൽ നിന്ന് ചൊവ്വാഴ്ച പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചതെന്ന് എ.ടി.എസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here