വന്ദേ ഭാരതിനെ പുകഴ്ത്തി കെ റെയിലിനെ വിമർശിച്ച് പന്ന്യന്റെ മകൻ; കവിത പങ്കുവച്ച് സുരേന്ദ്രൻ

0
196

തിരുവനന്തപുരം∙ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിനെക്കുറിച്ച് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രന്റെ മകൻ എഴുതിയ കവിത പങ്കുവച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വന്ദേഭാരത് ട്രെയിനിനെ പുകഴ്ത്തിയും കെ റെയിൽ പദ്ധതിയെ വിമർശിച്ചുമാണ് അഭിഭാഷകൻ കൂടിയായ രൂപേഷ് പന്ന്യന്റെ കവിത.

വന്ദേ ഭാരത്, വരട്ടേ ഭാരത് എന്ന പേരിലാണ് കവിത. കെ റെയിൽ കേരളത്തെ വെട്ടിമുറിക്കുമ്പോൾ ഒരു പ്രശ്നവും സൃഷ്ടിക്കാതെ ചീറിപ്പായുന്ന വന്ദേഭാരതിനെ നോക്കി വരട്ടെ ഭാരത് എന്നു പറയണമെന്ന് രൂപേഷ് കവിതയിൽ പറയുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ‘അപ്പം’ പരാമർശത്തെയും രൂപേഷ് പരിഹസിക്കുന്നു.

രൂപേഷിന്റെ കവിത ഇങ്ങനെ:

‘വന്ദേ ഭാരത് ‘ നോട്
‘വരണ്ടേ ഭാരത് ‘ എന്നു പറയാതെ
‘വരട്ടെ ഭാരത് ‘ എന്നു പറയാത്തവർ മലയാളികളല്ല….
വന്ദേ ഭാരതിന്
മോദി
കൊടിയുയർത്തിയാലും…
ഇടതുപക്ഷം വെടിയുതിർത്താലും…
വലതുപക്ഷം വാതോരാതെ
സംസാരിച്ചാലും…
പാളത്തിലൂടെ ഓടുന്ന
മോടിയുള്ള വണ്ടിയിൽ
പോയി
അപ്പം വിൽക്കാനും
തെക്ക് വടക്കോടാനുമായി
ടിക്കറ്റടുക്കുന്നവരുടെ മനസ്സിൽ എത്തേണ്ട സ്ഥലമല്ലാതെ മറ്റൊന്നുമുണ്ടാകില്ല …
കെ. റെയിൽ
കേരളത്തെ
കേരറ്റ് പോലെ വെട്ടിമുറിക്കാനോങ്ങി നിൽക്കുമ്പോൾ…
വെട്ടാതെ തട്ടാതെ
തൊട്ടു നോവിക്കാതെ
വെയിലത്തും മഴയത്തും
ചീറിയോടാനായി
ട്രാക്കിലാകുന്ന
വന്ദേ ഭാരതിനെ നോക്കി
വരേണ്ട ഭാരത്
എന്നു പാടാതെ
വരട്ടെ ഭാരത് എന്നു പാടിയാലെ ആ പാട്ടിന്റെ ഈണം
യേശുദാസിന്റെ ശബ്ദം പോലെ ശ്രുതിമധുരമാകുകയുള്ളൂ ….
ശ്രുതി തെറ്റുന്ന പാട്ട്
പാളം തെറ്റിയ
തീവണ്ടി പോലെയാണ് ….
പാളം തെറ്റാതെ ഓടാനായി
വന്ദേ ഭാരത്
കുതിച്ചു നിൽക്കുമ്പോൾ
കിതച്ചു കൊണ്ടോടി
ആ കുതിപ്പിൻ്റെ
ചങ്ങല വലിക്കരുത് …
അങ്ങിനെ വലിക്കുന്ന
ചങ്ങലയിൽ കുരുങ്ങി നിൽക്കുക
മോദിയല്ല…..
വലിക്കുന്നവർ തന്നെയാകും …
വൈകി വന്ന
വന്ദേ ഭാരതിനെ
വരാനെന്തെ വൈകി
എന്ന പരിഭവത്തോടെ…
വാരിയെടുത്ത്
വീട്ടുകാരനാക്കുമ്പോഴെ…
അത്യാവശ്യത്തിന്
ചീറി പായാനായി
വീട്ടിലൊരു
‘ഉസൈൻ ബോൾട്ട് ‘
കൂടിയുണ്ടെന്ന് ആശ്വസിക്കാനാവൂ ..
….വന്ദേ ഭാരത്…

LEAVE A REPLY

Please enter your comment!
Please enter your name here