ജയ്പൂര്‍: വന്ദേഭാരത് ട്രെയിന്‍ ഇടിച്ചു തെറിച്ച പശു ദേഹത്ത് വന്ന് വീണ് റെയില്‍വേ ട്രാക്കില്‍ മൂത്രമൊഴിച്ചുകൊണ്ടിരുന്നയാള്‍ മരിച്ചു. രാജസ്ഥാനിലെ അല്‍വാറിലെ ആരവല്ലി വിഹാര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ശിവ്ദയാല്‍ ശര്‍മ എന്നയാളാണ് മരിച്ചത്.
വന്ദേഭാരത് കാളി മോറി ഗേറ്റ് കടക്കുമ്പോള്‍ ട്രാക്കിലേക്ക് കടന്ന പശുവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പശുവിന്റെ ദേഹം കഷ്ണങ്ങളായി അതിലൊരു ഭാഗം 30 മീറ്റര്‍ അകലെ നില്‍ക്കുന്ന ശിവദയാലിന്റെ ദേഹത്ത് വന്ന് വീഴുകയായിരുന്നു. ശിവദയാല്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. 23 വര്‍ഷം മുമ്പ് റെയില്‍വേയില്‍ നിന്ന് വിരമിച്ച ഇലക്ട്രീഷ്യനാണ് ശിവദയാല്‍.
മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി. മുംബൈഗുജറാത്ത് ഉള്‍പ്പെടെയുള്ള റെയില്‍ പാതകളില്‍ കന്നുകാലികള്‍ വിഹരിക്കുന്നത് വ്യാപകമാണ്. വന്ദേഭാരത് ട്രെയിനുകള്‍ തട്ടി നിരവധി കന്നുകാലികള്‍ ചത്തിട്ടുണ്ട്. വന്ദേഭാരത് ആദ്യമായി ഓടി ദിവസങ്ങള്‍ക്കുള്ളില്‍ മുംബൈ-ഗാന്ധി നഗര്‍ റൂട്ടിലായിരുന്നു ആദ്യമായി കന്നുകാലികളെ തട്ടിയത്.
കന്നുകാലിക്കൂട്ടവുമായി കൂട്ടിയിടിച്ച് വന്ദേഭാരതിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. തൊട്ടടുത്ത ദിവസം ഇതേ ട്രെയിന്‍ ഗുജറാത്തിലെ ആനന്ദ് സ്റ്റേഷന് സമീപം മറ്റൊരു പശുവിനെ ഇടിച്ചിരുന്നു.