പൈവളിഗെയില്‍ ഗുണ്ടാസംഘങ്ങളെ നിരീക്ഷിക്കാന്‍ ക്യാമറകള്‍ സ്ഥാപിക്കുന്നു

0
196

പൈവളിഗെ: പൈവളിഗെയില്‍ നാട്ടുകാരെ ഭീതിയിലാക്കിയ ഗുണ്ടാസംഘങ്ങളെ നിരീക്ഷിക്കാന്‍ ക്യാമറകള്‍ സ്ഥാപിക്കുന്നു. അക്രമികള്‍ക്കെതിരെ കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ. സുധാകരന്റെ നേതൃത്വത്തില്‍ കര്‍ശന നടപടി സ്വീകരിച്ച് തുടങ്ങി. ഇന്നലെ പൈവളിഗെ സ്‌കൂളില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ പൈവളിഗെ ടൗണിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ആദ്യം ഘട്ടത്തില്‍ 13 സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. പൈവളിഗെയിലും പരിസരത്തും നടക്കുന്ന അക്രമങ്ങളില്‍ പ്രതികളെ തിരിച്ചറിഞ്ഞാലും പലരും അവരുടെ പേരോ മറ്റു വിവരങ്ങളോ പൊലീസില്‍ പറയാന്‍ തയ്യാറാവുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് സി.സി. ടി.വി സ്ഥാപിക്കാന്‍ തീരുമാനമായത്. അക്രമികളുടെയോ അവര്‍ സഞ്ചരിക്കുന്ന വാഹനങ്ങളേയോ ഇതുവഴി എളുപ്പത്തില്‍ തിരിച്ചറിയാനാവും.
ബായാര്‍, പൈവളിഗെ, ലാല്‍ബാഗ് എന്നിവിടങ്ങളില്‍ അക്രമം നടത്തി പ്രതികള്‍ ഉടന്‍ തന്നെ കര്‍ണാടകയിലേക്ക് രക്ഷപ്പെടുകയാണ് പതിവ്. കര്‍ണാടകയിലേക്ക് എളുപ്പ വഴിയാകുന്ന ബായാര്‍ കന്യാന റോഡ്, ബായിക്കട്ട നന്ദാരപദവ് മലയോര ഹൈവേ റോഡ്, കുരുഡപദവ് റോഡ്, ലാല്‍ബാഗ് എന്നിവിടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കുക. പൈവളിഗെ ടൗണില്‍ കൂടുതല്‍ സജ്ജീകരണങ്ങളോട് കൂടിയ ക്യാമറ സ്ഥാപിക്കും.
പൈവളിഗെയിലെ പോക്കറ്റ് റോഡുകളില്‍ ക്യാമറക്കണ്ണുകള്‍ ഉണ്ടാകും. ക്യാമറയുമായി ബന്ധപ്പെട്ട മറ്റ് സജ്ജീകരണങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ ഒരുക്കും. പരീക്ഷണം വിജയിച്ചാല്‍ പിന്നീട് കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കും.
ഇത് കൂടാതെ രണ്ട് ജീപ്പുകള്‍ രാത്രി കാലങ്ങളില്‍ പെട്രോളിങ്ങ് നടത്തുന്നുമുണ്ട്.
ആവശ്യമെങ്കില്‍ ഒരു ജീപ്പ് കൂടി ഉള്‍പെടുത്തും. എട്ടു മാസം മുമ്പ് മുഗുവിലെ അബൂബക്കര്‍ സിദ്ദീഖിനെ തല കീഴായി മരത്തില്‍ കെട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവത്തോടെ പൈവളിഗെയിലും പരിസരത്തും പൊലീസ് കര്‍ശന നടപടിയാണ് ഗുണ്ടാ സംഘത്തിനെതിരെ സ്വീകരിച്ചിരുന്നത്.
കഴിഞ്ഞ ദിവസം പൈവളിഗെ സ്വദേശിയായ ഇലക്ട്രീഷ്യനെ കയര്‍ക്കട്ടയില്‍ വെച്ച് തട്ടിക്കൊണ്ടു പോയ സംഭവം വീണ്ടും ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജനപ്രതിനിധികളും സ്‌കൂള്‍ പി.ടി.എ അംഗങ്ങളും പൊലീസ്, ജനമൈത്രി ഉദ്യോഗസ്ഥരും സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here