ദില്ലി: കോൺഗ്രസ് വക്താവായിരുന്ന സി ആർ കേശവൻ ബിജെപിയിൽ ചേർന്നു. ഫെബ്രുവരിയിൽ ഇദ്ദേഹം കോൺഗ്രസിലെ പ്രാഥമിക അംഗത്വം അടക്കം രാജി വെച്ചിരുന്നു. ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ ആയിരുന്ന സി രാജഗോപാലാചാരിയുടെ ചെറുമകന്റെ മകനാണ് സി കേശവൻ. നിലവിൽ കോൺഗ്രസിന്റെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളായിരുന്ന എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെയാണ് രാജഗോപാലാചാരിയുടെ കുടുംബത്തിൽ നിന്ന് ഒരാൾ ബിജെപിയിലേക്ക് ചേരുന്നത്.
തമിഴ്നാട്ടിലെ കോൺഗ്രസ് കമ്മിറ്റീ ചാരിറ്റബിൾ ട്രെസ്റ്റിയായിരുന്നു സിആർ കേശവൻ. ഈ സ്ഥാനവും അദ്ദേഹം രാജിവെച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല. പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് അയച്ച രാജിക്കത്തിൽ പാർട്ടിയുടെ നയങ്ങളിലുള്ള വിയോജിപ്പ് കൊണ്ടാണ് രാജിയെന്നാണ് അദ്ദേഹം പറഞ്ഞത്. മറ്റേതെങ്കിലും രാഷ്ട്രീയ കക്ഷിയിൽ ചേരുമോയെന്ന ചോദ്യത്തിന് ഇപ്പോൾ ഒന്നും തീരുമാനിച്ചിട്ടില്ലെന്നാണ് അന്ന് സിആർ കേശവൻ പറഞ്ഞത്. ഇന്നാണ് സിആർ കേശവൻ ബിജെപി അംഗത്വം സ്വീകരിച്ചത്.