മുസ്ലീം വിഭാഗത്തോട് അകല്‍ച്ച വേണ്ടെന്ന് ബിജെപി നേതൃത്വം; പെരുന്നാളിന് മുസ്ലീം ഭവനങ്ങളില്‍ ആശംസാ കാര്‍ഡുമായി പ്രവര്‍ത്തകരെത്തും

0
231

ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുമായി ബിജെപി നേതൃത്വം മുന്നോട്ടുപോകുന്നതിനിടെ മുസ്ലീം വിഭാഗങ്ങളുമായും കൂടുതല്‍ അടുക്കാന്‍ ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍. മുസ്ലീങ്ങളോടും അകല്‍ച്ച വേണ്ടെന്നാണ് ബിജെപി യോഗത്തില്‍ ഉയര്‍ന്ന പൊതുവികാരം. പെരുന്നാളിന് കഴിയുന്നത്ര മുസ്ലീം ഭവനങ്ങളില്‍ സമ്പര്‍ക്കം നടത്താന്‍ ബിജെപി ഭാരവാഹം യോഗത്തില്‍ തീരുമാനമായി. മുസ്ലീം ഭവനങ്ങളില്‍ ആശംസ കാര്‍ഡുമായി പ്രവര്‍ത്തകരെത്തും.

അതേസമയം ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ ശോഭ സുരേന്ദ്രനും എ എന്‍ രാധാകൃഷ്ണനും നേരെ ഉയര്‍ന്നത് രൂക്ഷ വിമര്‍ശനമാണ്. അച്ചടക്ക ലംഘനം നടത്താന്‍ ആരേയും അനുവദിക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കടുത്ത ഭാഷയില്‍ യോഗത്തില്‍ വ്യക്തമാക്കുകയായിരുന്നു. പാര്‍ട്ടിക്ക് പറയാനുള്ളത് പാര്‍ട്ടി ചുമതലപ്പെടുത്തിയവര്‍ പറഞ്ഞുകൊള്ളുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കാള പെറ്റെന്ന് കേള്‍ക്കുമ്പൊള്‍ തന്നെ ചിലര്‍ കയര്‍ എടുക്കുന്ന അവസ്ഥയാണ്. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് കേരളത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പാര്‍ട്ടിക്ക് പറയാനുള്ളത് പാര്‍ട്ടി ചുമതലപ്പെടുത്തിയവര്‍ മാത്രം പറഞ്ഞാല്‍ മതി. നോക്കിയും കണ്ടും നിന്നാല്‍ എല്ലാവര്‍ക്കും നല്ലതെന്ന് കെ.സുരേന്ദ്രന്‍ ഭാരവാഹി യോഗത്തില്‍ താക്കീതും നല്‍കി.

സുരേന്ദ്രന്റെ വാക്കുകളെ അടിവരയിടുന്ന പ്രതികരണമാണ് കേരള പ്രഭാരി പ്രകാശ് ജാവദേക്കറില്‍ നിന്നും യോഗത്തിലുണ്ടായത്. ചിലയാളുകള്‍ മാധ്യമങ്ങളുടെ വാക്ക് കേട്ട് നേതൃത്വത്തിന് എതിരെ പ്രതികരണം നടത്തുവെന്ന് പ്രകാശ് ജാവദേക്കര്‍ വിമര്‍ശിച്ചു. തെറ്റായ വാര്‍ത്തകളില്‍ പരിശോധന നടത്താന്‍ പോലും തയാറാകുന്നില്ല. പ്രതികരണം നടത്തുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നും പ്രകാശ് ജാവദേക്കര്‍ ഓര്‍മിപ്പിച്ചു. ബിജെപി കോര്‍ കമ്മിറ്റി പുനസംഘടിപ്പിച്ചെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പല മാധ്യമങ്ങളിലും വന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെ പ്രതികരണവുമായി ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വാര്‍ത്തകളില്‍ വാസ്തവമില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സംഭവം പരാമര്‍ശിച്ചായിരുന്നു ശോഭാ സുരേന്ദ്രമെതിരെ സംസ്ഥാന ഭാരവാഹി യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.

മലയാറ്റൂര്‍ മലകയറ്റം ചര്‍ച്ചയായത് ചൂണ്ടിക്കാട്ടിയായിരുന്നു എ എന്‍ രാധാകൃഷ്ണനെതിരായ ബിജെപി നേതാക്കളുടെ വിമര്‍ശനം. എ എന്‍ രാധാകൃഷ്ണന്റെ മലയാറ്റൂര്‍ മലകയറ്റം പരിഹാസ്യമായി. ക്രൈസ്തവരെ ഒപ്പം നിര്‍ത്താന്‍ അവരുടെ ആചാരങ്ങളില്‍ കയറി ഇടപെടുകയല്ല വേണ്ടത്. അവരുടെ വിശ്വാസമാര്‍ജിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്നും നേതൃത്വം ഓര്‍മിപ്പിച്ചു. ക്രൈസ്തവ പുരോഹിതന്മാരെ കാണാന്‍ എല്ലാവരും കൂടി പോകണ്ട. അതിനായി ചുമതലപ്പെടുത്തുന്നവര്‍ മാത്രം പോയാല്‍ മതി. സാധാരണ ക്രൈസ്തവരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയാണ് വേണ്ടതെന്നും നേതാക്കള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here