കോഴിക്കോട്: എലത്തൂരിലെ ട്രെയിനിൽ തീ കൊളുത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. ഇന്നലെ ആലപ്പുഴ -കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ട അക്രമിക്കായി തെരച്ചില്‍ നടക്കുന്നതിനിടെ, ചില നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അക്രമിയെന്ന് സംശയിക്കുന്നയാൾ ട്രെയിൻ നിർത്തിയ ശേഷം റോഡിലേക്കിറങ്ങുന്നതും തയ്യാറായി നിന്ന ഒരു ബൈക്കിലേക്ക് കയറി പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
നേരത്തെ ഇയാളെ കാത്ത് ബൈക്കവിടെയുണ്ടായിരുന്നുവെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് കൂരാച്ചൂണ്ട് സ്വദേശിയുടേതാണ് വാഹനമെന്ന് സ്ഥിരീകരിച്ചു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അക്രമി ചുവന്ന ഷര്‍ട്ട് ധരിച്ച് തൊപ്പിവച്ച ആളാണെന്ന് യാത്രക്കാര്‍ മൊഴി നല്‍കി.
#WATCH: Kozhikode, Kerala | Forensic experts reached the spot where the bodies of three people including that of a child were found near a railway track. pic.twitter.com/CzynpjE0Hw
— ANI (@ANI) April 3, 2023
ഇന്നലെ രാത്രി 9.30ന് ഏലത്തൂര്‍ സ്റ്റേഷന്‍ വിട്ട് മുന്നോട്ട് നീങ്ങിയതോടെയാണ് ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടിവില്‍ നടുക്കുന്ന സംഭവങ്ങളുടെ തുടക്കം. പതുക്കെ മുന്നോട്ട് നീങ്ങിയ ട്രെയിനിലെ ഡി2 കോച്ചില്‍ നിന്ന് ഡി1 കോച്ചിലേക്ക് രണ്ട് കുപ്പി പെട്രോളുമായി അക്രമി നടന്നു നീങ്ങി. തിരക്ക് കുറവായിരുന്ന കോച്ചില്‍ പല സീറ്റുകളിലായി യാത്രക്കാരുണ്ടായിരുന്നു.
എല്ലാവരുടേയും ദേഹത്തേക്ക് അക്രമി പെട്രോള്‍ ചീറ്റിച്ചു പൊടുന്നനെ തീയിട്ടു. തീ ഉയര്‍ന്നപ്പോള്‍ നിലവിളച്ച യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയെങ്കിലും ഡി1 കോച്ച് നിന്നത് കോരപ്പുഴ പാലത്തിന് മുകളിലായിരുന്നു. ഇതേതുടർന്ന് യാത്രക്കാർക്ക് ഡി1 കമ്പാർട്ട്മെന്‍റിൽ നിന്ന് പുറത്തിറങ്ങാന്‍ സാധിച്ചില്ല. അക്രമി അപ്പേഴേക്കും ഓടി മറഞ്ഞു. സംഭവത്തിൽ എട്ടു പേര്‍ക്ക് പൊള്ളലേറ്റു.
പതിനഞ്ചോളം പേരുടെ ശരീരത്തിലേക്ക് തീ പടർന്നെങ്കിലും എട്ടു പേർക്കാണ് സാരമായി പൊള്ളലേറ്റത്. ഇവരിൽ നാല് പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഗുരുതരമായി പരിക്കേറ്റ അനിൽകുമാറിന് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
കണ്ണുരിലെത്തിയ ട്രെയ്നില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ആര്‍.പി.എഫ് ഉദ്യോഗസ്ഥരും പരിശോധന നടത്തി ഡി1, ഡി2 കോച്ചുകള്‍ സീല്‍ ചെയ്തു.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് റെയില്‍വേ ട്രാക്കിന് സമീപം മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്ത പുറംലോകം അറിയുന്നത്. ട്രെയിനില്‍ യാത്ര ചെയ്ത പാപ്പിനശ്ശേരി സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകള്‍ സഹ്ല, മട്ടന്നൂർ സ്വദേശി നൗഫിക് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.