അംബാനിയുടെ വിരുന്നില്‍ ടിഷ്യൂ പേപ്പറിന് പകരം 500 രൂപാ നോട്ട്?; വൈറൽ ട്വീറ്റിനു പിന്നിൽ

0
210

മുംബൈ∙ അംബാനി കുടുംബം സംഘടിപ്പിച്ച വിരുന്നിൽ ടിഷ്യൂ പേപ്പറിനു പകരം 500 രൂപാ നോട്ട് വിതരണം ചെയ്തോ? കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയ വിരുന്നിന്റെ ചിത്രങ്ങളാണ് ഇത്തരമൊരു പ്രചാരണത്തിനു പിന്നിൽ. മുകേഷ് അംബാനിയുടെ കുടുംബമാണ് കഴിഞ്ഞ ദിവസം വിരുന്ന് സംഘടിപ്പിച്ചത്. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖർ വിരുന്നിൽ പങ്കെടുത്തിരുന്നു. ഈ വിരുന്നിനിടെ പകർത്തിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

മധുരപലഹാരത്തിനൊപ്പം 500ന്റെ നോട്ടുകളും നിരത്തി വച്ചിരിക്കുന്നതായിരുന്ന ചിത്രം. പലഹാര പാത്രത്തില്‍ തന്നെയാണ് ടിഷ്യൂ പേപ്പറിനു പകരം നോട്ടുകള്‍ വച്ചിരിക്കുന്നത്. അതിഥികള്‍ക്കായി ഈ പലഹാര പാത്രം മേശയില്‍ വച്ചിരിക്കുന്നതിന്റെ ചിത്രങ്ങളാണ് വൈറല്‍ ആയത്. രത്നിഷ് എന്ന ട്വിറ്റർ ഹാൻഡിലിൽനിന്നാണു ചിത്രവും അടിക്കുറിപ്പും ആദ്യമായി പോസ്റ്റ് ചെയ്തത്. അംബാനിയുടെ പാർട്ടിയിൽ ടിഷ്യൂ പേപ്പറുകൾക്ക് പകരം 500 രൂപ നോട്ടുകളാണ് നൽകുന്നത് എന്നായിരുന്നു കുറിപ്പിൽ. വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നു. പണം ദുരുപയോഗം ചെയ്യുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ അഭിപ്രായം ഉയർന്നു.

എന്നാല്‍ ചിത്രത്തിലേക്കു സൂക്ഷിച്ച് നോക്കിയാല്‍ സത്യാവസ്ഥ മനസ്സിലാകും. ഡൽഹിയിൽനിന്നുള്ള ആളാണെങ്കിൽ ഉറപ്പായും ഇതു വ്യക്തമാകും. ഡൽഹിയിലെ പ്രമുഖ റസ്റ്ററന്റായ ഇന്ത്യൻ ആക്സെന്റിൽ വിളമ്പുന്ന ഏറെ ജനപ്രീതിയേറിയ വിഭവമായ ‘ദൗലത് കീ ചാട്ടാ’ണ് ഇവിടെയും വിളമ്പിയിരിക്കുന്നത്.

പാലിന്‍റെ പതയില്‍നിന്ന് ഉണ്ടാക്കുന്ന ഒരു പലഹാരമാണിത്. ഈ വിഭവം വിളമ്പുന്ന രീതിക്കാണ് പ്രത്യേകത. ഫാന്‍സി നോട്ടുകള്‍ കൊണ്ട് അലങ്കരിച്ചാണ് ഇത് വിളമ്പുന്നത്. അംബാനിയുടെ വിരുന്നിലും 500ന്റെ ഫാന്‍സി നോട്ടുകളാല്‍ അലങ്കരിച്ചാണ് ഇത് വിളമ്പിയത്. സമ്പന്നതയെ സൂചിപ്പിക്കുന്ന വിഭവമാണ് ഇത്. അംബാനിമാരുടെ പാര്‍ട്ടിയില്‍ ഈ വിഭവം വിളമ്പുന്നത് ഒരിക്കലും അനുചിതമാകുന്നില്ലെന്ന് മറുവാദം ഉയരുന്നുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here