‘സൂക്ഷിച്ച് ഉപയോഗിക്കുക, ഐഫോൺ ജീവനെടുക്കും’; മുന്നറിയിപ്പുമായി ആപ്പിൾ

0
373

ന്യൂയോര്‍ക്ക്: പേസ്‌മേക്കർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിയുന്നവർക്ക് ആപ്പിളിന്റെ മുന്നറിയിപ്പ്. പുതിയ ജനററേഷൻ ഐഫോണുകൾ ഇത്തരം ആളുകളുടെ ജീവന് ഭീഷണിയാകുമെന്നാണ് കമ്പനി തന്നെ മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഫോൺ നെഞ്ചിൽനിന്ന് ഏറെ അകലെ നിർത്താൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ ബ്ലോഗ് പോസ്റ്റിലൂടെ കമ്പനി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഐഫോൺ 13, 14, എയർപോഡുകൾ, ആപ്പിൾ വാച്ചുകൾ ഉൾപ്പെടെയുള്ള കമ്പനിയുടെ ഉപകരണങ്ങളാണ് പേസ്‌മേക്കർ ഉൾപ്പെടെ ശരീരത്തിൽ ഘടിപ്പിച്ചവരുടെ ജീവൻ കവരാനിടയുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ഹോംപോഡ്, ഐപാഡ്, മാക്ബുക്ക് എന്നിവയ്ക്കും ഇതേ അപകടസാധ്യതയുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ബീറ്റ്‌സിന്റെ ഹെഡ്‌ഫോണുകൾ ഉപയോഗിക്കുന്നവരും സൂക്ഷിക്കാൻ നിർദേശമുണ്ട്.

ഫോൺ അടക്കമുള്ള ഉപകരണങ്ങൾക്കകത്തുള്ള മാഗ്നെറ്റുകളും ഇലക്ട്രോമാഗ്നെറ്റുകളും ശരീരത്തിൽ ഘടിപ്പിച്ച മെഡിക്കൽ ഉപകരണങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തുമെന്നാണ് ആപ്പിൾ ബ്ലോഗ്‌പോസ്റ്റിൽ സൂചിപ്പിച്ചത്. പേസ്‌മേക്കർ പോലെയുള്ള ജീവൻരക്ഷാ ഉപകരണങ്ങൾക്ക് അകത്തുള്ള സെൻസറുകൾ തൊട്ടടുത്തുള്ള ഫോണിനകത്തെ മാഗ്നെറ്റുകളോട് പ്രതികരിക്കും. ഉപകരണങ്ങളുടെ പ്രതികരണശേഷിയെ ഇതു ബാധിക്കുകയും ജീവൻരക്ഷാ സേവനങ്ങളെ തടസപ്പെടുത്തുകയും ചെയ്യാനിടയുണ്ട്. അതിനാൽ, ഫോൺ നെഞ്ചിൽനിന്ന് സുരക്ഷിതമായ അകലത്തിൽ വയ്ക്കാനാണ് ആപ്പിൾ നിർദേശിക്കുന്നത്.

2020 ഒക്ടോബറിൽ ഐഫോൺ 12 പുറത്തിറക്കിയ സമയത്ത് തന്നെ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഇത്തരമൊരു മുന്നറിയിപ്പ് പുറത്തിറക്കിയിരുന്നു. ജീവൻരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ചവർക്ക് ഫിറ്റ്ബിറ്റ്‌സ്, ആപ്പിൾ സ്മാർട്ട് വാച്ചുകൾ കൂടുതൽ അപായകരമാകുമെന്ന് കഴിഞ്ഞ മാസം യൂറ്റാ സർവകലാശാലയിലെ കംപ്യൂട്ടർ എൻജിനീയറായ ഡോ. ബെഞ്ചമിൻ സാഞ്ചസ് ടോറൻസ് നടത്തിയ പഠനത്തിലും കണ്ടെത്തി. ഈ വിഭാഗത്തിലുള്ളവർ ഇത്തരം ഉപകരണങ്ങൾ കരുതലോടെ ഉപയോഗിക്കാനാണ് ഇവരെല്ലാം ആവശ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here