ഇന്നലെ സ്ഥാപക ദിനത്തിൽ അനിൽ ആന്റണിയെ സ്വീകരിക്കാൻ പാർട്ടി തയ്യാറായത് വയനാട് ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് റിപ്പോർട്ടുകൾ. ന്യൂനപക്ഷ വിഭാഗങ്ങളെ പാർട്ടിയോടൊപ്പം നിർത്തുക എന്നതും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിധിയിൽ കോടതി സ്റ്റേ അനുവദിക്കാത്തതിന്റെ സാഹചര്യം നിലനിൽക്കുന്നു എന്നതും കണക്കിലെടുത്താണ് ഈ നീക്കം എന്നാണ് മുതിർന്ന നേതാക്കളുടെ അറിയിക്കുന്നത്. വയനാട്ടിൽ ഉപതെരഞ്ഞെടുപ്പുണ്ടായാൽ അനിൽ ആന്റണിയുടെ സാന്നിധ്യം വഴി കനത്ത മത്സരം കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
രാഹുൽ ഗാന്ധിയുടെ മണ്ഡലം എന്ന നിലയിൽ ഉപതെരഞ്ഞെടുപ്പ് രാജ്യ ശ്രദ്ധയെ ആകർഷിക്കും. അവിടെ ബിജെപിക്ക് ഏറ്റവും യുക്തനായ സ്ഥാനാർഥി എകെ ആന്റണിയുടെ മകൻ തന്നെയായിരിക്കും. സംസ്ഥാന നേത്യത്വവും ഇക്കാര്യത്തിൽ യോജിക്കുകയുണ്ടായി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ അടക്കമുള്ള മണ്ഡലങ്ങളിൽ അനിലിനെ മത്സരിപ്പിക്കാനുള്ള ചർച്ചകൾ സജീവമാണെങ്കിലും വയനാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാർത്ഥിത്വം ബിജെപിയുടെ കണക്കുകൂട്ടലിലുണ്ട്. ഇതിന് അനുബന്ധമായ ചർച്ചകളും നടക്കുന്നുണ്ട്.
അനിൽ ആന്റണി വയനാട്ടിൽ മത്സരിക്കുന്നതിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് അനുകൂലമായ നിലപാടാണ് ഉള്ളത്. ബിഡിജെഎസാണ് വയനാട്ടിൽ മത്സരിക്കുന്നത് എന്നതിനാൽ തന്നെ അവരുമായി ചർച്ചകൾ നടത്തി അനിലിനിടെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് വ്യക്തത വരുത്തുവാനും നീക്കങ്ങൾ നടക്കുന്നു.
കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ അനിൽ ആന്റണിയെ വിമർശിച്ച് എ.കെ ആന്റണിയുടെ ഇളയ മകൻ അജിത് പോൾ ആന്റണി. ഇന്ന് രാവിലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അജിത് ആന്റണി. അൽഫോൻസ് കണ്ണന്താനത്തിന് എന്ത് പറ്റിയെന്ന് ഓർമ വേണം. അതുപോലെ അനിലിനെ ബിജെപി കറിവേപ്പില പോലെ വലിച്ചെറിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. തികച്ചു ദുഃഖകരമായ സംഭവമാണ് ഉണ്ടായത്. അനിലിന്റെ നീക്കത്തിൽ കുടുംബം ദുഖത്തിലാണ്. തുടർച്ചയായി കോൺഗ്രസ് പ്രവർത്തകർ തെറിപറഞ്ഞതാണ് അനിലിനെ ചൊടിപ്പിച്ചത് എന്ന് അജിത് ആന്റണി കൂട്ടിച്ചേർത്തു.
ബിജെപിയിൽ ചേരാനുള്ള അനിൽ ആന്റണിയുടെ തീരുമാനം വളരെ അധികം വേദനിപ്പിച്ചെന്ന് പിതാവ് എ കെ ആന്റണി ഇന്നലെ അറിയിച്ചിരുന്നു. തികച്ചും തെറ്റായ തീരുമാനമാണ് അനിൽ എടുത്തത്. ഇന്ത്യയുടെ ഐക്യവും ആണിക്കല്ലും ബഹുസ്വരതയും മതേതരത്വവുമാണ്. എന്നാൽ മോദി സർക്കാർ അധികാരമേറ്റതിന് ശേഷം രാജ്യത്തിന്റെ നയങ്ങളെ ആസൂത്രിതമായി ഇല്ലാതാക്കിയെന്നും എ. കെ ആന്റണി കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ തന്റെ ആദ്യത്തെയും അവസാനത്തെയും പ്രതികരണമായിരിക്കും ഇതെന്ന് ആന്റണി വ്യക്താക്കിയിരുന്നു.