പലര്‍ക്കും നിസാരമെന്ന് തോന്നുന്ന പലതും തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കിടുന്ന ഒരു വ്യക്തിയാണ് ആനന്ദ് മഹീന്ദ്ര. എന്നാല്‍, അതൊന്നും അത്രയ്ക്ക് നിസാരമല്ലെന്നും പലരുടെ ജീവിതത്തിലും ചെറുതെങ്കിലും ഒരു പുഞ്ചിരി വിരിയിക്കാന്‍ കഴിയുന്നതാണെന്നുമുള്ളതിന് തെളിവാണ് അത്തരം വീഡിയോയ്ക്ക് ട്വിറ്ററില്‍ കിട്ടുന്ന സ്വീകാര്യത. കഴിഞ്ഞ ദിവസം അത്തരത്തില്‍ നിസാരമെന്ന് തോന്നുന്ന ഒരു വീഡിയോ അദ്ദേഹം പങ്കിട്ടു. എന്നാല്‍, വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. നിരവധി പേരാണ് കുറിപ്പുമായെത്തിയത്.
‘നിസ്സാരമെന്ന് തോന്നുന്ന ഇത്തരം കാര്യങ്ങളിൽ ആകൃഷ്ടനാകുന്നത് എനിക്ക് എതിർക്കാൻ കഴിയില്ല. ലോകത്തെ മാറ്റിമറിച്ചേക്കില്ല, പക്ഷേ അത് വളരെ സർഗ്ഗാത്മകവും ശരിയായ ബുദ്ധിയുമാണ്. ലൗകിക ജോലികളിൽ സമയം ലാഭിക്കുന്നതെല്ലാം പുരോഗതിയാണ്!’ വീഡിയോ പങ്കുവച്ച് കൊണ്ട് ആനന്ദ് മഹീന്ദ്ര എഴുതി. അതെ, അത് വളരെ നിസാരമെന്ന് തോന്നുന്ന വീഡിയോയാണ്. വെറും മുപ്പത് സെക്കന്‍റില്‍ ഒരു ടീ ഷര്‍ട്ട് എങ്ങനെ മനോഹരമായി മടക്കിവെയ്ക്കാമെന്നായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. നിസാരമെന്ന് തോന്നുന്ന വീഡിയോ. എന്നാല്‍ ഒന്ന് ആലോചിച്ച് നോക്കൂ. അത്ര നിസാരമാണോ ആ വീഡിയോ?
പലപ്പോഴും യാത്രയ്ക്ക് തയ്യാറാകുന്നതിന്‍റെ ഏറ്റവും അവസാന നിമിഷങ്ങളിലാകും നമ്മള്‍ വസ്ത്രങ്ങള്‍ പായ്ക്ക് ചെയ്യുന്നത്. ഒടുവില്‍ സമയം തികയാതെ എല്ലാം കൂടി വാരിക്കൂട്ടി പെട്ടിയിലാക്കി നമ്മള്‍ യാത്ര തിരിക്കും. ഒടുവില്‍ യാത്രയിലുടനീളം ചുളിവ് വീണ വസ്ത്രങ്ങള്‍ ധരിച്ച് നില്‍ക്കേണ്ടിവരും. എന്നാല്‍ ഈ വീഡിയോയില്‍ ചെയ്യുന്നത് പോലെയാണെങ്കില്‍ ടീ ഷര്‍ട്ട് മടക്കാന്‍ വെറും മുപ്പത് സെക്കന്‍റ്റ് മതി. അതും വളരെ മനോഹരമായി മടക്കാനും സാധിക്കും.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സോഷ്യൽ മീഡിയ ഇൻഷുറൻസ് എന്ന ട്വിറ്റർ പേജാണ് വീഡിയോ യഥാർത്ഥത്തിൽ ട്വിറ്ററില്‍ പങ്കുവച്ചത്. “എങ്ങനെ പെട്ടെന്ന് ഒരു ടി-ഷർട്ട് മടക്കാം” എന്ന അടിക്കുറിപ്പോടെയായിരുന്നു അവര്‍ വീഡിയോ പങ്കുവച്ചത്. ആനന്ദ് മഹീന്ദ്ര വീഡിയോ വീണ്ടും പങ്കുവച്ചതോടെ നിരവധി പേര്‍ കുറിപ്പുമായെത്തി. തങ്ങളുടെ അലക്കുകാരനെ എത്രയും വേഗം ഈ തന്ത്രം പഠിപ്പിക്കണമെന്നായിരുന്നു പലരും എഴുതിയത്. ‘നിങ്ങൾ സ്വന്തം വസ്ത്രങ്ങൾ മടക്കിവെക്കാറുണ്ടോ?’ എന്ന് വേറൊരാള്‍ ചോദിച്ചു. ഈ ചോദ്യം മറ്റ് ചിലരെ ആശ്ചര്യപ്പെടുത്തി. മറ്റ് ചിലര്‍ വീഡിയോ രസകരമായിരിക്കാം എന്നാല്‍ അത് അത്ര ലളിതമല്ലെന്നും ഏറെ പരിശീലനം ആവശ്യമാണെന്നും കുറിച്ചു. വീഡിയോ ഇതിനകം ഒരു കോടി ഇരുപത്തി രണ്ട് ലക്ഷം പേരാണ് കണ്ടത്.
I can’t resist being fascinated by this kind of seemingly trivial stuff. May not change the world, but it’s so creative & right-brained. Everything that saves time on mundane chores is progress! 😊 pic.twitter.com/tEPqXtjNsZ
— anand mahindra (@anandmahindra) April 5, 2023