ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ബി.ജെ.പി നേതാക്കളായ വി. മുരളീധരൻ, പീയുഷ് ഗോയൽ,കെ. സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടിയിലേക്കുള്ള ഔദ്യോഗിക പ്രവേശനം. ബി.ജെ.പിയിൽ ചേരാനായി ഇന്ന് വൈകീട്ട് മൂന്നുമണിയോടെയാണ് അനിൽ ആന്റണി ഡൽഹിയിലെ ദേശീയ ആസ്ഥാനത്ത് എത്തിയത്.
ബി.ജെ.പിയിൽ ചേരുന്നതിന് മുന്നോടിയായി അനിൽ കോൺഗ്രസ് അംഗത്വം രാജിവെച്ചിരുന്നു. മകന്റെ ബി.ജെ.പി പ്രവേശനം സംബന്ധിച്ച് വൈകീട്ട് 5.30ന് എ.കെ. ആന്റണി മാധ്യമപ്രവർത്തകരോട് സംസാരിക്കും. കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനറും എ.ഐ.സി.സി സമൂഹ മാധ്യമ കോ-ഓർഡിനേറ്ററുമായിരുന്നു അനിൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി വിവാദത്തോടെയാണ് കോൺഗ്രസ് നേതൃത്വവുമായി തെറ്റിയത്. വിവാദത്തിൽ ബി.ജെ.പിക്ക് അനുകൂല നിലപാടായിരുന്നു അനിലിന്റെത്. ഇതിനെതിരെ കോൺഗ്രസിൽ നിന്നടക്കം രൂക്ഷമായ വിമർശനം നേരിട്ടു. തുടർന്ന് പദവികൾ രാജിവെക്കുകയായിരുന്നു. ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബി.ബി.സിയുടെ വീക്ഷണത്തിന് മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണെന്നുമാണ് അനിൽ പറഞ്ഞത്.