ക്യാമറ തന്നെ നിയമലംഘനം; സ്വകാര്യത മാനിക്കാതെ സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തുന്നത് കുറ്റകരം

0
321

കൊച്ചി ∙ സ്വകാര്യ ഇടങ്ങളിൽ വ്യക്തിയുടെ അവകാശങ്ങൾ സംബന്ധിച്ച നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്താതെ പൊതുനിരത്തുകളിൽ എഐ ക്യാമറകൾ സ്ഥാപിച്ചു മുഴുവൻ വാഹനയാത്രക്കാരുടെയും ദൃശ്യങ്ങൾ‌ പകർത്തുന്നതു നിയമപ്രശ്നങ്ങൾക്കു വഴിയൊരുക്കുമെന്നു നിയമവിദഗ്ധർ പറയുന്നു. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരുടെയോ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെയോ ദൃശ്യങ്ങൾ റോഡിൽ സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറകൾ പകർത്തി ആ ദൃശ്യങ്ങളെ തെളിവായി ഹാജരാക്കുന്നതിൽ നിയമപ്രശ്നങ്ങളുണ്ടാവില്ല. എന്നാൽ‌, നിയമം അനുസരിച്ചു യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങളും എഐ ക്യാമറ ശേഖരിക്കുന്നത് അവരുടെ സ്വകാര്യ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാകാമെന്നാണ് വിലയിരുത്തൽ.

സ്വകാര്യ വാഹനത്തിന്റെ ഉൾഭാഗം സ്വകാര്യ ഇടമായതിനാൽ വാഹനത്തിലുള്ളവരുടെ അറിവോടും സമ്മതത്തോടും കൂടി വേണം ദൃശ്യങ്ങൾ എടുക്കാനെന്നാണ് വാദം. സ്വകാര്യ വാഹനത്തിനുള്ളിൽ ദമ്പതികളുടെ സ്നേഹപ്രകടനങ്ങൾ അവരുടെ അറിവില്ലാതെ പകർത്തുന്നത് ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങൾ പ്രകാരം കുറ്റകൃത്യമാണ്.

കേരളത്തിൽ ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറകളെ യഥാർഥ നിർമിത ബുദ്ധി ക്യാമറകൾ എന്നു പറയണമെന്നുണ്ടെങ്കിൽ പൊതുനിരത്തുകളിൽ സംഭവിക്കുന്ന നിയമലംഘനങ്ങളെ വേറിട്ടു തിരിച്ചറിയാനുള്ള ശേഷി അതിനു വേണം. അത്തരം സന്ദർഭങ്ങളെ സ്വയം തിരിച്ചറിഞ്ഞു നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ മാത്രം പകർത്താനുള്ള ‘ഔചിത്യബോധം’ പ്രകടിപ്പിക്കാൻ ശേഷിയുള്ള ആൽഗരിതം അനുസരിച്ചു പ്രവർത്തിക്കുന്ന ക്യാമറകൾ വരുമ്പോൾ മാത്രമേ അതിനെ സമ്പൂർണ എഐ ക്യാമറയെന്നു വിശേഷിപ്പിക്കാൻ കഴിയുകയുള്ളവെന്ന് ഐടി വിദഗ്ധരും പറയുന്നു.

∙ കേരള പൊലീസ് ആക്ട് വകുപ്പ് 119(ബി) അനുസരിച്ചു സ്ത്രീകളെ അവരുടെ സ്വകാര്യതയെ മാനിക്കാതെ നേരിട്ടും ക്യാമറകളിലൂടെയും നിരീക്ഷിക്കുന്നതും അവരുടെ ദൃശ്യങ്ങൾ അവരുടെ അനുവാദമില്ലാതെ പകർത്തുന്നതും 3 വർഷം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

∙ ഇന്ത്യൻ ‌ശിക്ഷാ നിയമം വകുപ്പ് 354(സി) അനുസരിച്ചു സ്വകാര്യ ഇടങ്ങളിൽ അവരവർക്ക് ഇഷ്ടമുള്ള, കുറ്റകരമല്ലാത്ത പ്രവൃത്തികൾ ചെയ്യുന്നവരെ നേരിട്ടോ ക്യാമറ ഉപയോഗിച്ചോ ഒളിഞ്ഞുനോക്കുന്നതും അവരുടെ അറിവില്ലാത്ത ദൃശ്യങ്ങൾ പകർത്തുന്നതും ഒരു വർഷം മുതൽ 3 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

∙ഐടി നിയമം വകുപ്പ് 67 അനുസരിച്ചു ഒരു വ്യക്തിയുടെ സ്വകാര്യ ഇടത്തിലുള്ള ദൃശ്യങ്ങൾ അനുവാദമില്ലാതെ പകർത്തുന്നതും ശേഖരിച്ചുവയ്ക്കുന്നതും ദുരുപയോഗം ചെയ്യുന്നതും കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ചു 3 വർഷം വരെ തടവും 2 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

എഐ ക്യാമറകൾ പകർത്തുന്ന ഏതെങ്കിലും ചിത്രങ്ങളോ ദൃശ്യങ്ങളോ ഇതിലേതെങ്കിലും നിയമം ലംഘിച്ചതായുള്ള ഹർജികളിൽ മറിച്ചു സ്ഥാപിക്കാനുള്ള നിയമപരമായ ബാധ്യത മോട്ടർ വാഹന വകുപ്പിനുണ്ടാവും.

LEAVE A REPLY

Please enter your comment!
Please enter your name here