AI ക്യാമറയ്ക്ക് കമ്മിഷൻ 75.42 കോടി; 424 കോടി പിഴയായി പിരിച്ചുതരുമെന്ന് സർക്കാരിന് കെൽട്രോണിന്‍റെ ഓഫർ

0
285

തിരുവനന്തപുരം: റോഡപകടങ്ങൾ കുറയ്ക്കാനായി വിഭാവനംചെയ്ത ‘സേഫ് കേരള’ പദ്ധതിയിൽ നിർമിതബുദ്ധി ക്യാമറ സ്ഥാപിച്ചതിൽ കമ്മിഷനായിമാറിയത് 75.42 കോടി. 232.25 കോടിയുടെ പദ്ധതി പൊതുമേഖലാസ്ഥാപനമായ കെൽട്രോൺ വഴി നടപ്പാക്കുന്നതായാണ് സർക്കാർ ഉത്തരവ്. എന്നാൽ, ഈ കരാർ രണ്ടുതവണ ഉപകരാറുകളായി മാറിമറഞ്ഞപ്പോഴാണ് കമ്മിഷൻ തുക ഇത്രയേറെയായത്.

പദ്ധതി നടപ്പാക്കുന്നതിൽ സർക്കാരിന് നഷ്ടമില്ലെന്നും അഞ്ചുവർഷംകൊണ്ട് 424 കോടിരൂപ ജനങ്ങളിൽനിന്ന് പിഴയായി പിരിച്ചുതരുമെന്നുമാണ് കെൽട്രോൺ നൽകിയ ‘ഓഫർ’. കെൽട്രോണിന്റെ സാങ്കേതിക-വാണിജ്യ പദ്ധതി രേഖയിലാണ്‌ ഇത്‌ വിശദീകരിക്കുന്നത്.

165.23 കോടിയാണ് ക്യാമറകൾ സ്ഥാപിക്കുന്നതിൽ തുടങ്ങി ജില്ലകളിൽ കൺട്രോൾ റൂം ഒരുക്കുന്നതുവരെയുള്ള കാര്യങ്ങൾക്കും പിന്നീടുവരുന്ന അറ്റകുറ്റപ്പണികൾക്കുമായി കെൽട്രോൺ കണക്കാക്കിയിട്ടുള്ളത്. ഇതു നോക്കിനടത്തുന്നതിന് കെൽട്രോണിനുള്ള കമ്മിഷനാണ് 66.35 കോടി.

എന്നാൽ, സർക്കാരിൽനിന്ന് കരാർ ഏറ്റെടുത്ത കെൽട്രോൺ ഇത് എസ്.ഐ.ആർ.ടി. എന്ന കമ്പനിക്ക് മറിച്ചുനൽകി. കെൽട്രോണിനെ ഏല്പിച്ച എല്ലാ ചുമതലകളും എസ്.ഐ.ആർ.ടി.ക്ക് നൽകിയാണ് ഉപകരാർ. 151.22 കോടിക്കാണ് ഇത് നൽകുന്നത്. 15 കോടി ഈ ഉപകരാറിലൂടെ കെൽട്രോൺ വീണ്ടും നേടുന്നുണ്ട്.

ഇതേ കരാർ എസ്.ഐ.ആർ.ടി. രണ്ടുകമ്പനികൾക്കായി വീണ്ടും മറിച്ചുനൽകുന്നു. ലൈറ്റ് മാസ്റ്റർ ലൈറ്റിങ് ഇന്ത്യ, പ്രെസാഡിയോ ടെക്‌നോളജി എന്നിവയാണ് ഈ കമ്പനികൾ. 9.07 കോടിരൂപയാണ് ഇതിലൂടെ എസ്.ആർ.ഐ.ടി.ക്ക് ലഭിക്കുന്ന കമ്മിഷൻ. ചുരുക്കത്തിൽ 232 കോടിരൂപയുടെ പദ്ധതി കെൽട്രോൺ വഴി സർക്കാർ നടപ്പാക്കിയപ്പോൾ കെൽട്രോണിനും എസ്.ആർ.ഐ.ടി.ക്കും കമ്മിഷനായി ലഭിച്ചത് 75.42 കോടിരൂപയാണ്. കരാർ മറിച്ചുനൽകിയതിലൂടെ കെൽട്രോണിന് മറ്റൊരു 15 കോടി രൂപകൂടി ലഭിച്ചു.

നിർമിച്ച് സ്വന്തമാക്കുകയും നിശ്ചിതകാലം പ്രവർത്തിപ്പിച്ച് കൈമാറുകയും (ബി.ഒ.ഒ.ടി.) ചെയ്യുന്ന രീതിയിലാണ് ഈ പദ്ധതിക്ക് കെൽട്രോൺ പദ്ധതിരേഖ സമർപ്പിച്ചത്. 235.82 കോടിയായിരുന്നു കെൽട്രോൺ കണക്കാക്കിയ തുക. 166.23 കോടി പദ്ധതിനിർവഹണത്തിനും 66.92 കോടി മേൽനോട്ടക്കൂലിയായുമാണ് കണക്കാക്കിയിട്ടുള്ളത്. ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ചർച്ചനടത്തിയാണ് ഇത് 232.25 കോടിയായി കുറച്ചത്.

നോക്കുകൂലി ഒമ്പതു കോടി

നിർമിതബുദ്ധി ക്യാമറ സ്ഥാപിക്കുന്ന പദ്ധതിയിൽ എസ്.ആർ.ഐ.ടി. എന്ന കമ്പനിക്ക് നോക്കുകൂലിയായിട്ടാണ് 9.07 കോടി ലഭിക്കുന്നത്. കെൽട്രോണിൽനിന്ന് ഉപകരാർ ഏറ്റെടുത്ത് രണ്ടുകമ്പനികൾക്ക് മറിച്ചുകൊടുക്കുന്നതിനപ്പുറം എസ്.ആർ.ഐ.ടി.ക്ക് പ്രത്യേകം ഒരു ജോലിയും ഈ പദ്ധതിയിലില്ല. കെൽട്രോണിനുവേണ്ടി ഇടനിലനിന്ന ഒരു കമ്പനി മാത്രമാണ് എസ്.ആർ.ഐ.ടി.

ഈ കരാർ എസ്.ആർ.ഐ.ടി.ക്ക് നൽകുമ്പോൾ ആറുകോടിരൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണമെന്ന നിബന്ധന കെൽട്രോൺ വെക്കുന്നുണ്ട്. ഈ പണം കെൽട്രോണിന് ഡി.ഡി.യായി നൽകുന്നത് എസ്.ആർ.ഐ.ടി.യിൽനിന്ന് ഉപകരാർ ഏറ്റെടുത്ത പ്രെസാഡിയോ എന്ന കമ്പനിയാണ്.

കെൽട്രോൺ കരാർ ലംഘിച്ചു; എങ്കിലും അനുമതി നൽകാമെന്ന് മന്ത്രിസഭ

തിരുവനന്തപുരം: നിർമിതബുദ്ധി ക്യാമറ സ്ഥാപിച്ച പദ്ധതിയിൽ കെൽട്രോൺ കരാർ ലംഘിച്ചുവെന്ന് മന്ത്രിസഭാ രേഖകൾ. കെൽട്രോണിന് വീഴ്ചയുണ്ടായെങ്കിലും എല്ലാം നടപ്പാക്കിയതിനാലും ഉപകരണങ്ങൾ വാങ്ങാനുള്ള ഓർഡർ റദ്ദ് ചെയ്യാൻ കഴിയാത്തതിനാലും ഇതിന് അംഗീകാരം നൽകാമെന്നാണ് ഏപ്രിൽ 12-ന് ചേർന്ന മന്ത്രിസഭാ യോഗ തീരുമാനം.

ബി.ഒ.ഒ.ടി. അടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതി സർക്കാർ പണം നൽകുന്ന അന്യുറ്റി മാതൃകയിലേക്ക് മാറ്റിയത് ധനവകുപ്പ് അറിയാതെയാണ്. പദ്ധതി നടപ്പാക്കാൻ കെൽട്രോൺ ക്യാമറ അടക്കമുള്ള ഉപകരണങ്ങൾ വാങ്ങിയതും ഇതിന് ഉപകരാർ നൽകിയതും മോട്ടോർ വാഹനവകുപ്പുമായുണ്ടാക്കിയ ആദ്യകരാറിന് വിരുദ്ധമാണെന്നും ഈ രേഖകൾ വ്യക്തമാക്കുന്നു.

റോഡ് സുരക്ഷയ്ക്ക് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം ശക്തിപ്പെടുത്താനുള്ള പദ്ധതി തുടങ്ങുന്നത് 2018-ലാണ്. ക്യാമറ സ്ഥാപിക്കുന്നതടക്കമുള്ള കെൽട്രോണിന്റെ പദ്ധതിരേഖ 2019 ഡിസംബറിലാണ് സർക്കാർ അംഗീകരിക്കുന്നത്. അഞ്ചു വർഷത്തേക്ക് കെൽട്രോണിനെ ‘പ്രോജക്ട് മോണിറ്ററിങ് സെൽ’ ആയി നിശ്ചയിക്കുകയും ചെയ്തു.

2020 മേയിലാണ് മോട്ടോർവാഹനവകുപ്പും കെൽട്രോണും തമ്മിൽ കരാറിലെത്തുന്നത്. ഗതാഗത കമ്മിഷണർ കെൽട്രോണിന് വർക്ക് ഓർഡർ നൽകുകയും ചെയ്തു.

കമ്മിഷണർ സമർപ്പിച്ച ആർ.എഫ്.പി.(റിക്വസ്റ്റ് ഫോർ പ്രപ്പോസൽ) അംഗീകരിച്ച് പുറംകരാർ വ്യവസ്ഥയിൽ ഉദ്യോഗസ്ഥരെ നിയമിച്ച് കൺട്രോൾ റൂമുകൾ തുറക്കാനാണ് സർക്കാർ അനുമതി നൽകിയത്. ഇതിന് താത്‌പര്യപത്രം ക്ഷണിക്കേണ്ടതുണ്ട്. ഇതൊന്നും പാലിക്കാതെ കെൽട്രോൺ കൺട്രോൾ റൂം അടക്കമുള്ളവ സ്ഥാപിക്കാനുള്ള പദ്ധതിരേഖ സർക്കാരിന് സമർപ്പിക്കുകയാണുചെയ്തത്. ഇത് നടപ്പാക്കാൻ എസ്.ആർ.ഐ.ടി.യുമായി കരാറുണ്ടാക്കുകയും ചെയ്തു.

‘പ്രോജക്ട് മോണിറ്ററിങ് സെൽ’ ആയ കെൽട്രോണിന് അതത് വകുപ്പിന്റെ അംഗീകാരത്തോടെ മാത്രമേ മറ്റൊരുകരാറിൽ ഏർപ്പെടാൻ പാടുള്ളൂവെന്നാണ് വ്യവസ്ഥ. ഇക്കാര്യം ധനകാര്യവകുപ്പ് ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് ‘പ്രോജക്ട് മോണിറ്ററിങ് സെൽ’ ആയി പ്രവർത്തിക്കുന്നതിനൊപ്പം, കെൽട്രോൺ ഫെസിലിറ്റി മാനേജ്‌മെന്റ് സർവീസ് ഏജൻസിയായി കൂടി പ്രവർത്തിക്കുന്നത്.

ഇത് കരാറിന് വിരുദ്ധമാണെന്നാണ് ധനകാര്യവകുപ്പ് ചൂണ്ടിക്കാട്ടിയത്. ഇക്കാര്യങ്ങളെല്ലാം മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പിൽ വിശദീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here