മംഗളൂരുവിൽ സാധനങ്ങൾ വാങ്ങാൻ വന്ന കാസര്‍കോട് സ്വദേശിയിൽ നിന്ന് 7.95 ലക്ഷം പിടികൂടി

0
187

മംഗളൂറു: സംസ്ഥാന അതിര്‍ത്തിയായ തലപ്പാടിയില്‍ കാസര്‍കോട് സ്വദേശിയുടെ കാറില്‍ നിന്ന് രേഖകളില്ലാത്ത 7.95 ലക്ഷം രൂപ ഉള്ളാള്‍ പൊലീസ് പിടികൂടി. പണവും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുരേഷ് എന്നയാളുടെ പക്കല്‍ നിന്നാണ് പണം കണ്ടെത്തിയത്.

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ തലപ്പാടിയില്‍ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് പണം പിടികൂടിയത്. കൂടുതല്‍ അന്വേഷണത്തിനായി കേസ് തെരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥന് കൈമാറി. ഫാബ്രികേറ്ററായി ജോലി ചെയ്യുകയാണ് സുരേഷ്. മംഗളൂറിലെ ബന്ദറില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനാണ് പണം കൊണ്ടുവന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പണമാണെങ്കില്‍ കേസെടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ ഭാഗമായി കര്‍ണാടകയില്‍ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഇതുപ്രകാരം 50,000 രൂപയോ അതിന് മുകളിലോ തുക കൈവശം വക്കുന്നവര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തെളിവ് നല്‍കണം. അല്ലാത്തപക്ഷം തുക കണക്കില്‍ പെടാത്തതായി കണ്ടുകെട്ടും.

കേരളത്തില്‍ നിന്ന് ബിസിനസ്, ചികിത്സ, വിദ്യാഭ്യാസ, അഡ്മിഷന്‍ ആവശ്യങ്ങള്‍ക്ക് അതിര്‍ത്തി കടന്നു വരുന്നവര്‍ ഏറെയാണ്. വലിയ തുകകള്‍ കൈവശം വെക്കുന്നവര്‍ മതിയായ രേഖകള്‍ കരുതേണ്ടത് പ്രധാനമാണ്. തെളിവില്ലാതെ അധിക പണം കൊണ്ടുപോകരുതെന്ന് അധികൃതര്‍ പൊതുജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here