മോണിംഗ് വാക്കിന് പോയ ആളെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊന്നു; പേടിപ്പെടുത്തുന്ന വീഡിയോ പുറത്ത്

0
360

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ ഏറെയാണ്. ഗുരുതരമായും അല്ലാതെയുമെല്ലാം പരുക്കേറ്റവരും ഏറെയുണ്ട്.  ഇത്തരത്തിലുള്ള ഓരോ സംഭവം ഉണ്ടാകുമ്പോഴും കാര്യമായ ചര്‍ച്ചകള്‍ ഉയരുകയും ഈ ദുരന്തം ആവര്‍ത്തിക്കാതിരിക്കാൻ അധികൃതര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാകുന്നതോടെ ഏതെങ്കിലും വിധത്തില്‍ അതത് അധികാരകേന്ദ്രങ്ങള്‍ ഇടപെടല്‍ നടത്തുകയും ചെയ്യാറുണ്ട്. എന്നാല്‍ ഈ ഇടപെടലുകള്‍ക്കൊന്നും ഇതുപോലുള്ള ദുരന്തങ്ങളെ പ്രതിരോധിക്കാൻ കഴിയുന്നില്ല എന്നാണ് പല സംഭവങ്ങളും ആവര്‍ത്തിക്കപ്പെടുന്നതിലൂടെ മനസിലാക്കാൻ സാധിക്കുക.

ഇപ്പോഴിതാ അതിദാരുണമായ രീതിയില്‍തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടിരിക്കുകയാണ്. റിട്ടയേഡ് ഡോക്ടര്‍ സഫ്ദര്‍ അലി എന്ന അറുപത്തിയഞ്ചുകാരനാണ് നായ്ക്കളുടെ ആക്രമണത്തെ തുടര്‍ന്ന് മരിച്ചത്. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നിരിക്കുന്നത്.

താന സിവില്‍ ലൈൻസ് ഏരിയയിലുള്ള അലിഗഡ് യൂണിവേഴ്സിറ്റി ക്യാംപസിനകത്ത് വച്ചാണ് ഞെട്ടിക്കുന്ന അപകടമുണ്ടായിരിക്കുന്നത്.  സിവില്‍ ലൈൻസ് ഏരിയില്‍ തന്നെ താമസിക്കുന്ന ഡോക്ടര്‍  പ്രഭാതനടത്തത്തിലായിരുന്നു. രാവിലെ ആറ് മണി സമയം. നടത്തത്തിനിടെ മൊബൈല്‍ ഫോണ്‍ നോക്കി ഇവിടെ തന്നെയുള്ള ഒരുദ്യാനത്തില്‍ ഏതാനും നിമിഷങ്ങള്‍ നിന്നതായിരുന്നു അദ്ദേഹം.

ഈ സമയത്ത് നായ്ക്കള്‍ ഇദ്ദേഹത്തെ ലക്ഷ്യം വച്ച് പാഞ്ഞടുക്കുകയായിരുന്നു. ഇതെല്ലാം ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോകളില്‍ വ്യക്തമായി കാണാം. അര ഡസനിലധികം വരുന്ന നായ്ക്കള്‍ ചുറ്റും നിന്ന് ഡോക്ടറെ കടിച്ചുകീറി. രക്ഷപ്പെടാൻ സാധിക്കാത്തവണ്ണം ഇദ്ദേഹം തളര്‍ന്നുവീഴുന്നത് വീഡിയോയില്‍ കാണാം. തീര്‍ച്ചയായും പേടിപ്പെടുത്തുന്ന, ഹൃദയം മരവിപ്പിക്കുന്നൊരു കാഴ്ച തന്നെയാണിത്.

സംഭവം നടന്ന് വൈകാതെ തന്നെ ആരോ പൊലീസിന് വിവരമറിയിച്ച് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇതിനോടകം തന്നെ ഡോക്ടറുടെ മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി വന്നാലേ മരണകാരണം വിശദമാക്കാൻ സാധിക്കൂ എന്നാണ് പൊലീസ് അറിയിക്കുന്നത്.

മാസങ്ങളായി യുപിയില്‍ പല സ്ഥലങ്ങളിലായി പൊതുവിടങ്ങളില്‍ തെരുവുനായ ആക്രമണം കൂടിയിട്ടുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒരുപാട് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും യാതൊരു നടപടിയും അധികൃതര്‍ കൈക്കൊള്ളാതിരുന്നതോടെയാണ് ഈ ദുരന്തം കൂടി നേരില്‍ കാണേണ്ടി വന്നിരിക്കുന്നതെന്നാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് വരുന്ന പ്രതികരണം. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയിലെല്ലാം വലിയ രീതിയിലാണ് സംഭവം ചര്‍ച്ചയായിരിക്കുന്നത്.

അത്രയും സുരക്ഷിതമെന്ന് നാം ചിന്തിക്കുന്ന ഒരിടത്ത് എങ്ങനെയാണ് ഇങ്ങനെയൊരു അപകടമുണ്ടാകുന്നതെന്നും, ഈയൊരു സാഹചര്യം ഒരിക്കലും അംഗീകരിക്കാവുന്നതല്ലെന്നുമാണ് വീഡിയോ കണ്ടവരെല്ലാം രോഷത്തോടെ പ്രതികരിക്കുന്നത്.

വീഡിയോ… ( This video contains violence)

LEAVE A REPLY

Please enter your comment!
Please enter your name here