മഹാദേവന്റെ ഗംഗയാണ് സംസം എന്ന പേരില്‍ മക്കയില്‍ ഒഴുകുന്നത്; വിദ്വേഷപ്രസംഗവുമായി യതി നര്‍സിംഗാനന്ദ്

0
430

നോയിഡ: വീണ്ടും മുസ്‌ലിം വിരുദ്ധ പ്രസംഗവുമായി തീവ്ര ഹിന്ദുത്വവാദി നേതാവ് യതി നര്‍സിംഗാനന്ദ്. ഏപ്രില്‍ ഒന്ന്, രണ്ട്‌ തീയതികളില്‍ നോയിഡയില്‍ ന്യായ് മഞ്ച് ട്രസ്റ്റ് സംഘടിപ്പിച്ച് ഹിന്ദു ജാഗൃതി സമ്മേളനത്തിലായിരുന്നു നര്‍സിംഗാനന്ദിന്റെ വിദ്വേഷ പ്രസംഗം.

അഖണ്ഡ ഹിന്ദു രാഷ്ട്രമെന്ന സ്വപ്നം അഫ്ഗാനിസ്ഥാന്‍ വരെ മാത്രമല്ലെന്നും അത് മക്കയിലേക്ക് എത്തുന്നതു വരെ ശക്തമായി പ്രവര്‍ത്തിക്കണമെന്നുമുള്ള ആഹ്വാനമാണ് അനുയായികളോട് നര്‍സിംഗാനന്ദ് നടത്തിയത്.

അഖണ്ഡ ഹിന്ദു രാഷ്ട്രമെന്നത് സവര്‍ക്കറിന്റെയും ഛത്രപതി ശിവജിയുടെയും സ്വപ്‌നമായിരുന്നു. ആ സ്വപ്‌നം അഫ്ഗാനിസ്ഥാന്‍ വരെ മാത്രമായി ചുരുക്കപ്പെടരുത്, ഹിന്ദുത്വം മക്കയിലേക്കും കാഅ്ബയിലേക്കുമെത്തുന്നതു വരെ നമ്മള്‍ ശക്തമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കണം, നര്‍സിംഗാനന്ദ് പറഞ്ഞു.

മക്ക നമ്മള്‍ പിടിച്ചെടുക്കണമെന്നും അവിടെ മഹാദേവന്റെ ഗംഗയാണ് സംസം എന്ന പേരില്‍ ഒഴുകുന്നതെന്നും നര്‍സിംഗാനന്ദ് പറഞ്ഞു. അതിനുശേഷം അവിടം മക്കേശ്വര്‍ മഹാദേവന്റേതാകുമെന്നും നര്‍സിംഗാനന്ദ് കൂട്ടിച്ചേര്‍ത്തു.

ഹിന്ദുക്കള്‍ക്ക് മക്ക പിടിച്ചെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ലോകത്ത് മറ്റൊരു ശക്തിക്കും ഇസ്‌ലാമിനെ ദുര്‍ബലമാക്കാന്‍ കഴിയില്ലെന്നും നര്‍സിംഗാനന്ദ് പറഞ്ഞു.

ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചും പരോക്ഷമായി നര്‍സിംഗാനന്ദ് പരാമര്‍ശിച്ചു. ഹിന്ദുത്വത്തെ സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ മുന്നിട്ടിറങ്ങണമെന്നും അല്ലാത്ത പക്ഷം രാജ്യത്തെ ക്ഷേത്രങ്ങളെല്ലാം തകര്‍ക്കപ്പെടുമെന്നും നര്‍സിംഗാനന്ദ് അഭിപ്രായപ്പെട്ടു.

ഹിന്ദുത്വത്തെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയില്ലെങ്കില്‍ എല്ലാ ക്ഷേത്രങ്ങളും തകര്‍ക്കപ്പെടും. നമ്മുടെ പെണ്‍മക്കളുള്‍പ്പെടെ എല്ലാ ഹിന്ദു സ്ത്രീകളും അവരാല്‍ ബലാത്സംഗം ചെയ്യപ്പെടുകയോ ലൈംഗിക അടിമകളാക്കപ്പെടുകയോ ചെയ്യും. അതാണ് അവരുടെ ജീവിതത്തിലെ ഏക ലക്ഷ്യം, യതി പറഞ്ഞു.

നേരത്തെയും വിദ്വേഷ പ്രസംഗങ്ങളുമായി നര്‍സിംഗാന്ദ് രംഗത്ത് വന്നിട്ടുണ്ട്. മുസ്‌ലിം മതത്തില്‍ പെട്ട ഒരാള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായാല്‍ രാജ്യത്തെ അമ്പത് ശതമാനം ഹിന്ദുക്കളെ മതം മാറ്റുമെന്നും 40 ശതമാനത്തെ കൊല്ലുമെന്നും 10 ശതമാനം പേരെ നാടുകടത്തുമെന്നുമൊക്കെയുള്ള പരാമര്‍ശങ്ങളാണ് മുമ്പ് നര്‍സിംഗാനന്ദ് നടത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here