സ്വര്‍ണം കടത്തുന്നവരെക്കുറിച്ച് രഹസ്യവിവരം നല്‍കുന്നവര്‍ക്ക് കിലോയ്ക്ക് 1.5 ലക്ഷം രൂപ പ്രതിഫലം

0
211

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളംവഴി കടത്താന്‍ ശ്രമിച്ച 1.1 കോടിയുടെ സ്വര്‍ണവും എട്ടുലക്ഷം രൂപയുടെ വിദേശ കറന്‍സിയും കസ്റ്റംസ് പിടികൂടി. വിവിധ കേസുകളിലായി താമരശ്ശേരി രായരുകണ്ടി റാഷിക് (27), മലപ്പുറം അരീക്കോട് പാമ്പോടന്‍ മുനീര്‍ (27), വടകര മാദലന്‍ സെര്‍ബീല്‍ (26) എന്നിവരാണ് പിടിയിലായത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദോഹയില്‍നിന്നാണ് റാഷിക് കോഴിക്കോട്ടെത്തിയത്. ഇയാളില്‍നിന്ന് 1066 ഗ്രാം സ്വര്‍ണസംയുക്തമാണ് കണ്ടെടുത്തത്. സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായില്‍നിന്ന് എത്തിയ പാമ്പോടന്‍ മുനീറില്‍നിന്ന് 1078 ഗ്രാം സ്വര്‍ണ സംയുക്തവും കണ്ടെടുത്തു. ഇരുവരും ക്യാപ്‌സ്യൂളുകളാക്കി ശരീരത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.

സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തിയ സെര്‍ബീലില്‍നിന്നാണ് വിദേശ കറന്‍സി പിടിച്ചത്. 2585 ഒമാന്‍ റിയാലും 1035 കുവൈത്തി ദിനാറുമാണ് ബാഗില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. മതിയായ രേഖകളില്ലായിരുന്നു.

ഈ വര്‍ഷം 82 കേസുകളിലായി 35 കോടി രൂപ വിലമതിക്കുന്ന 65 കിലോഗ്രാമോളം സ്വര്‍ണമാണ് കരിപ്പൂരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇതില്‍ 25 എണ്ണം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലും മറ്റുള്ളവ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലുമാണ്. 12 കേസുകളിലായി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 90 ലക്ഷം രൂപയുടെ വിദേശകറന്‍സിയും പിടിച്ചിട്ടുണ്ട്.

വിവരം നല്‍കിയാല്‍ പ്രതിഫലം
സ്വര്‍ണം കടത്തുന്നവരെക്കുറിച്ച് രഹസ്യവിവരം നല്‍കുന്നവര്‍ക്ക് കിലോഗ്രാമിന് 1.5 ലക്ഷം രൂപ വരെ പ്രതിഫലം നല്‍കുമെന്നും വിവരം തരുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും കസ്റ്റംസ് അറിയിച്ചു. ഫോണ്‍: 0483 2712369.

LEAVE A REPLY

Please enter your comment!
Please enter your name here