രാഹുൽ ഗാന്ധിക്ക്‌ ശിക്ഷ വിധിച്ച മജിസ്‌ട്രേറ്റിന് ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം

0
292

ഡല്‍ഹി: മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക്‌ ശിക്ഷ വിധിച്ച സൂറത്ത് മജിസ്‌ട്രേറ്റ് ഹരീഷ് ഹസ്‍മുഖ് വർമക്ക് സ്ഥാനക്കയറ്റം. ജില്ലാ ജഡ്ജിയായിട്ടാണ് വര്‍മക്ക് സ്ഥാനക്കയറ്റം ലഭിച്ചത്.നിലവിൽ സൂറത്ത് കോടതി സിജെഎം ആണ് ഹരീഷ് ഹസ്മുഖ് വർമ എന്ന എച്ച്.എച്ച് വര്‍മ.

മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് രാഹുലിന് സൂറത്ത് കോടതി രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചത്. വിധിക്ക് പിന്നാലെ 15,000 രൂപയുടെ ബോണ്ടിൽ ജാമ്യം ലഭിക്കുകയും ചെയ്തു. 2019ലെ പൊതു തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ചു നടത്തിയ പരാമർശമാണ് വിവാദമായത്. ‘എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന കുടുംബപ്പേര് വന്നത്?’ എന്നാണ് രാഹുൽ പ്രസംഗിച്ചത്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവർക്കെല്ലാം മോദി എന്ന പേർ എങ്ങനെ കിട്ടി എന്നും ഇനിയും എത്ര മോദിമാർ പുറത്തുവരാനിരിക്കുന്നു എന്ന് ആർക്കുമറിയില്ലെന്നും രാഹുൽ പറഞ്ഞിരുന്നു.

43കാരനായ വര്‍മ ഗുജറാത്ത് വഡോദര സ്വദേശിയാണ്. വര്‍മയുടെ പിതാവും അഭിഭാഷകനായിരുന്നു. മഹാരാജ സായാജിറാവു കോളേജിൽ നിന്നാണ് ഹരീഷ് വർമ ​​എൽഎൽബി പൂർത്തിയാക്കിയത്. ഇതിനുശേഷം ജുഡീഷ്യൽ ഓഫീസറായി. ജുഡീഷ്യൽ സർവീസിൽ 10 വർഷത്തിലേറെ അനുഭവസമ്പത്തുണ്ട്.

അതേസമയം മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയെ ശിക്ഷിച്ച സൂറത്ത് കോടതി വിധിക്കെതിരായ അപ്പീൽ ഏപ്രിൽ അഞ്ചിന് മുൻപ് സമർപ്പിക്കും . മനു അഭിഷേക് സിങ്‍വി ഉള്‍പ്പെടുന്ന കോൺഗ്രസിന്‍റെ നിയമ വിഭാഗം രാഹുലിനെതിരായ എല്ലാ കേസുകളും ഏറ്റെടുത്തു . മോദി പരാമർശത്തിനെതിരെ ഫയൽ ചെയ്ത ഹരജിയിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് പട്ന കോടതി രാഹുലിന് നോട്ടീസ് അയച്ചു

രാജ്യത്തിന്‍റെ വിവിധ കോടതികളിൽ 9 അപകീർത്തി കേസുകളാണ് രാഹുൽ ഗാന്ധിക്കെതിരെയുള്ളത്. മോദി പരാമർശത്തിന്‍റെ പേരിൽ മാത്രം സൂറത്ത് കോടതി കൂടാതെ നാല് കോടതികളിൽ കേസ് നിലവിലുണ്ട്. എം.പി.മാരുടെയും എം.എൽ.എ മാരുടെയും കേസുകൾ പരിഗണിക്കുന്ന പട്നയിലെ കോടതിയിൽ ബി.ജെ.പി എം.പി സുശീൽ കുമാർ മോദിയാണ് ഹരജി നൽകിയിക്കുന്നത്. ഈ കേസിൽ 12-ാം തിയതി മൊഴി നൽകണമെന്നാണ് നോട്ടീസ്. റാഞ്ചി,ബുലന്ദ് ഷഹർ,പുരുനിയ എന്നീ കോടതികളിലാണ് മോദി പരാമർശത്തിന്‍റെ പേരിൽ മാത്രം കേസ് നടക്കുന്നത്. ഒരു കുറ്റത്തിന്‍റെ പേരിൽ പലതവണ ശിക്ഷിക്കുന്നതിൽ നിന്നും ഭരണഘടന സംരക്ഷണം നൽകുന്നുണ്ടെന്നു നിയമവിദഗ്ധർ വിലയിരുത്തുന്നു.

വിവിധ സംസ്ഥാനങ്ങളിൽ ഒരേ കുറ്റത്തിന് കേസെടുത്തപ്പോൾ എഫ്.ഐ.ആർ. ഒരുമിച്ചാക്കുക ഉൾപ്പെടെ നടപടികൾ,നേരത്തെ കേസ് കൈകാര്യം ചെയ്തിരുന്ന നിയമ വിഭാഗം ശ്രദ്ധിച്ചിരുന്നില്ല. കേസുകളുടെ ഏകോപനം ഉൾപ്പെടെ വീഴ്ച സംഭവിച്ചതായി സിങ്‍വി ഉൾപ്പെടെയുള്ള രാഹുലിന്‍റെ പുതിയ നിയമ വിഭാഗം വിലയിരുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here