സീറോ കലോറി കൃത്രിമ മധുരവും ​ഗുരുതര പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് പഠനം

0
239

പഞ്ചസാരയ്ക്ക് പകരക്കാരനായ കൃത്രിമ മധുര ഉത്പന്നങ്ങളിൽ പ്രധാനിയാണ് എറിത്രിറ്റോൾ. സീറോ കലോറി ഉത്പന്നമായ എറിത്രിറ്റോളിന്റെ ദൂഷ്യവശങ്ങൾ വ്യക്തമാക്കി പുതിയ പഠനം. പഞ്ചസാരയ്ക്ക് പകരമായി ഉപയോ​ഗിക്കുന്ന ഈ ഉത്പന്നം ഹൃദയാഘാതം, പക്ഷാഘാതം ഉൾപ്പെടെയുള്ള ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾക്കും മരണത്തിനുംവരെ കാരണമാകുന്നതായാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. യു.എസിലെ ക്ലെവ് ലാൻ‍ഡ് ക്ലിനിക് ലെർണർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ.

നാച്ച്വർ മെഡിസിൻ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എറിത്രിറ്റോൾ അമിതമായി ഉപയോ​ഗിക്കുന്നത് രക്തം കട്ടപിടിക്കുന്നതിനും സ്ട്രോക്കിനും ഹൃദയാഘാതത്തിനും കാരണമാകുമെന്ന് ​ഗവേഷകർ കണ്ടെത്തി. നേരത്തേ ഹൃദ്രോ​ഗ സംബന്ധമായ ആരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളവരോ ഡയബറ്റിസ് ഉള്ളവരോ ആണെങ്കിൽ സ്ഥിതി വീണ്ടും ​ഗുരുതരമാകുമെന്നും പഠനം വ്യക്തമാക്കുന്നു.

അമേരിക്കയിലും യൂറോപ്പിലുമുള്ള നാലായിരത്തിൽ പരം പേരിൽ നടത്തിയ പഠനത്തിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. പഠനത്തിൽ കൂടുതൽ വ്യക്തത വരുംകാലങ്ങളിൽ ലഭ്യമാകുമെന്നും കരുതൽ സ്വീകരിക്കുക എന്നത് പ്രധാനമാണെന്നും ​ഗവേഷകർ വ്യക്തമാക്കി. ഡയറ്റിൽ അമിതമായി എറിത്രിറ്റോൾ ഭാ​ഗമാകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നത് ​ഗുണം ചെയ്യുമെന്ന് ഡെൻവറിൽ നിന്നുള്ള നാഷണൽ ജ്യൂവിഷ് ഹെൽത്ത് ഹോസ്പിറ്റലിലെ ഹൃദ്രോ​ഗവിഭാ​ഗത്തിന്റെ ഡയറക്ടറായ ഡോ.ആൻഡ്ര്യൂ ഫ്രീമാൻ പറഞ്ഞു.

എറിത്രിറ്റോളും ഹൃദ്രോ​ഗങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ കണ്ടെത്തൽ തികച്ചും യാദൃശ്ചികമായിരുന്നെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ.സ്റ്റാൻലി ഹാസെൻ പറഞ്ഞു. ഒരു വ്യക്തിയുടെ രക്തത്തിലുള്ള കെമിക്കലുകളും ഘടകങ്ങളും ഹൃദ്രോ​ഗ സാധ്യതയും തമ്മിലുള്ള ബന്ധമാണ് ​ഗവേഷകർ കണ്ടെത്താൻ ശ്രമിച്ചത്. അതിനായി ഹൃദ്രോ​ഗ സാധ്യതയുള്ള 1157 പേരുടെ രക്തസാമ്പിളുകൾ ശേഖരിച്ചു. 2004 മുതൽ 2011 വരെയുള്ള കാലഘട്ടത്തിലെ സാമ്പിളുകളാണ് ശേഖരിച്ചത്. തുടർന്ന് നടത്തിയ ​ഗവേഷണത്തിലാണ് എറിത്രിറ്റോൾ ഹൃദ്രോ​ഗ സാധ്യതയ്ക്ക് കാരണമാകുന്നതിനെക്കുറിച്ച് ​ഗവേഷകർ കണ്ടെത്തിയത്.

തുടർന്ന് കണ്ടെത്തലുകൾ വീണ്ടും ഉറപ്പിക്കാനായി സ്റ്റാൻലിയും സംഘവും യു.എസിൽ നിന്നുള്ള 2100 പേരുടെയും യൂറോപ്പിൽ നിന്നുള്ള 833 പേരുടെയും രക്ത സാമ്പിളുകൾ ശേഖരിക്കുകയുണ്ടായി. അതിൽ പകുതിയോളം പുരുഷന്മാരും അവരുടെ 60-70 വയസ്സ് പ്രായമുള്ളവരുമായിരുന്നു. മൂന്നു വിഭാ​ഗത്തിലും എറിത്രിറ്റോളിന്റെ സാന്നിധ്യം കൂടുതലാണെന്നും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുന്നുവെന്നും കണ്ടെത്തി.

അതേസമയം പഠനറിപ്പോർട്ടിനെതിരെ കലോറി കൗൺസിൽ സംഘടന രം​ഗത്തെത്തി. കലോറി കുറഞ്ഞ മധുരമുള്ള എറിത്രിറ്റോൾ ഹാനികരമല്ലെന്നും പഠനറിപ്പോർട്ട് വസ്തുതാവിരുദ്ധം ആണെന്നുമാണ് കലോറി കൗൺസിലിന്റെ നിലപാട്. കലോറി കുറഞ്ഞ എറിത്രിറ്റോൾ പോലെയുള്ള കൃത്രിമ മധുര ഉത്പന്നങ്ങൾ സുരക്ഷിതമാണെന്നാണ് മുൻകാല ​ഗവേഷണങ്ങൾ വ്യക്തമാക്കുന്നതെന്ന് കൗൺസിലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ റോബർട്ട് റാങ്കിൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here