‘നിങ്ങളെ വെറുക്കുന്നു പപ്പാ, നിങ്ങള്‍ മാത്രമാണ് കാരണം’; 16-കാരി ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍

0
126

രാജ്‌കോട്ട്: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ പോര്‍ബന്ദര്‍ സ്വദേശി ദിവ്യ രമേശി(16)നെയാണ് രാജ്‌കോട്ട് ദൊരാജിയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവം ആത്മഹത്യയാണെന്നും പെണ്‍കുട്ടിയുടെ മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. തന്റെ അച്ഛനാണ് മരണത്തിന് ഉത്തരവാദിയെന്നാണ് പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലുള്ളതെന്നും പോലീസ് വ്യക്തമാക്കി.

‘പപ്പാ, നിങ്ങള്‍ മാത്രമാണ് എന്റെ മരണത്തിന് കാരണം. ഞാന്‍ നിങ്ങളെ വെറുക്കുന്നു പപ്പാ. നിങ്ങള്‍ ഒരിക്കലും എന്നെ ഒരു മകളായി പരിഗണിച്ചിട്ടില്ല. വഴക്കുപറയാനും മറ്റുള്ളവരോട് ഉത്തരവിടാനും മാത്രമേ നിങ്ങള്‍ക്ക് അറിയുകയുള്ളൂ’ എന്നായിരുന്നു പെണ്‍കുട്ടിയുടെ കുറിപ്പിലുണ്ടായിരുന്നത്.

റോയല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ദിവ്യയെ വെള്ളിയാഴ്ച രാത്രിയാണ് സ്‌കൂളിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. വെള്ളിയാഴ്ച വൈകിട്ട് തലകറക്കം അനുഭവപ്പെടുന്നതായി ദിവ്യ ഹോസ്റ്റല്‍ വാര്‍ഡനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോവുകയും ചികിത്സ നല്‍കുകയും ചെയ്തു.

രാത്രി ഭക്ഷണശേഷം ഹോസ്റ്റലിലെ കുട്ടികളെല്ലാം പഠനത്തിനായി ഹാളിലേക്ക് പോയെങ്കിലും ദിവ്യ മാത്രം പോയില്ല. സുഖമില്ലാത്തതിനാല്‍ താന്‍ മുറിയിലിരുന്ന് പഠിക്കാമെന്നാണ് ദിവ്യ സുഹൃത്തുക്കളോട് പറഞ്ഞത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ പഠനസമയം കഴിഞ്ഞ് മുറിയില്‍ തിരിച്ചെത്തിയപ്പോഴാണ് ദിവ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്നും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

LEAVE A REPLY

Please enter your comment!
Please enter your name here