അടിച്ചു സാറേ…!; 75 ലക്ഷം ലോട്ടറിയടിച്ച ഇതരസംസ്ഥാന തൊഴിലാളി ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിൽ

0
206

കൊച്ചി ∙ കേരളാ സർക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ അടിച്ചത് റോഡ് ടാറിങ് ജോലിക്കായി ചോറ്റാനിക്കരയിലെത്തിയ കൊൽക്കത്ത സ്വദേശിയായ എസ്.കെ.ബദേസിന്. ലോട്ടറിയടിച്ച വിവരം അറിഞ്ഞ് പരിഭ്രാന്തനായ ബദേസ് ഓടിക്കയറിയതാകട്ടെ പൊലീസ് സ്റ്റേഷനിലേക്കും. സംഭവം വിവരിച്ചുകൊണ്ട് കേരളാ പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ കുറിപ്പ് വന്നതോടെയാണ് പുറംലോകം കാര്യമറിഞ്ഞത്.

പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലേക്ക്. കൊൽക്കത്ത സ്വദേശിയായ എസ്.കെ.ബദേസ് ആണ് ലോട്ടറി അടിച്ച പരിഭ്രാന്തിയിൽ പൊലീസിന്റെ സഹായം തേടിയെത്തിയത്. ഒന്നാം സമ്മാനം അടിച്ച കാര്യം അറിഞ്ഞപ്പോൾ എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയ ബദേസ് നേരെ പൊലീസ് സ്റ്റേഷനിലെത്തി പൊലീസുദ്യോഗസ്ഥരോട് കാര്യം പറഞ്ഞു.

ആരെങ്കിലും തന്റെ കൈയിൽ നിന്നും ലോട്ടറി തട്ടിയെടുക്കുമോ എന്ന ആശങ്കയിലായിരുന്ന ബദേസിനെ പൊലീസ് ഉദ്യോഗസ്ഥർ ആശ്വസിപ്പിക്കുകയും കൃത്യമായ മാർഗ നിർദേശങ്ങളും ഉപദേശങ്ങളും നൽകുകയും ചെയ്തു. റോഡ് ടാറിങ് ജോലിക്കായി ചോറ്റാനിക്കരയിലെത്തിയപ്പോഴാണ് ഇയാൾ ലോട്ടറി എടുത്തത്. ഭാഗ്യമായി ലഭിച്ച പണവുമായി കൊൽക്കത്തയിലേക്ക് മടങ്ങാനായി കാത്തിരിക്കുകയാണ് ബദേസ്.

LEAVE A REPLY

Please enter your comment!
Please enter your name here