വലിയവൻ റാവുത്തർ, കുഞ്ഞൻ കുട്ടിശങ്കരൻ; ആനകൾക്കു പേരിട്ട് കാസർകോടും

0
193

ബോവിക്കാനം ∙ കൂട്ടത്തിൽ വലിയവൻ ‘റാവുത്തർ’. ഉയരം കുറഞ്ഞ് നശീകരണ സ്വഭാവം കൂടുതൽ കാണിക്കുന്നവൻ ‘കുട്ടിശങ്കരൻ’. കാടിറങ്ങി തങ്ങളുടെ ഉറക്കം കെടുത്തുന്ന കാട്ടാനകൾക്കു കാസർകോട്ടെ കർഷകർ നൽകിയ വിളിപ്പേരുകളാണിത്. പി.എം–2.പി.ടി–7 എന്നിങ്ങനെയുള്ള പേരുകൾക്കിടയിൽ കാസർകോട്ടെ ‘അതിഥി’ കൊമ്പന്മാരുടെ പേരുകളും കൗതുകമുളവാക്കുന്നു.

കർണാടകയിൽ നിന്നു ജില്ലയിൽ ആദ്യം എത്തിയ ആനകളിൽ ഒന്നാണ് റാവുത്തർ. വില്ലത്തരം ഏറ്റവും കുറഞ്ഞവനാണ് റാവുത്തർ. ആദ്യമൊക്കെ കൂട്ടമായിട്ടായിരുന്നു അവന്റെ നടപ്പ്. പിന്നീട്  ഒറ്റയ്ക്കായി. ഇപ്പോൾ അധിക നേരവും ഒറ്റയ്ക്കും ചിലപ്പോൾ കൂട്ടത്തോടൊപ്പവും നടക്കുന്നതാണ് രീതി. കാട്ടിലാണ് കൂടുതലും. വളരെ കുറച്ചേ കൃഷിയിടങ്ങളിലിറങ്ങാറുള്ളൂ. ഇറങ്ങിയാൽ വാഴയാണ് നോട്ടം. വലിയ നീളമുള്ള കൊമ്പുകളും നല്ല ഉയരവും ഉള്ള റാവുത്തറെ തിരിച്ചറിയാനും എളുപ്പമെന്നു വനപാലകരും പറയുന്നു.

രണ്ടാമൻ കുട്ടിശങ്കരൻ. ഇവനാണ് കൂട്ടത്തിലെ ഏറ്റവും വില്ലൻ!. ഗുണ്ട് പൊട്ടിച്ചാൽ പോലും തോട്ടത്തിൽ നിന്ന് അനങ്ങില്ല. വയർ നിറഞ്ഞാലും തോട്ടം മുഴുവൻ നശിപ്പിച്ചാലേ തൃപ്തിയാകൂ. കൃഷിയിടത്തിൽ നിന്നു തുരത്താൻ ശ്രമിച്ചാൽ ആളുകളെ ഭയപ്പെടുത്തും. കുറിയ ശരീരവും ചെറിയ കൊമ്പുകളും. പൂർണ വളർച്ച എത്തിയിട്ടില്ലെന്നാണ് വനപാലകരുടെ നിഗമനം. വലുതാകുന്നതോടെ ഇവൻ കൂടുതൽ ശല്യക്കാരൻ ആകാനുള്ള സാധ്യതയും അധികൃതർ കാണുന്നു. പേരിടാൻ തുടങ്ങിയാൽ ഒരുപാട് ഉണ്ടെങ്കിലും രണ്ടെണ്ണത്തിനു മാത്രമാണ് പേരുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here