‘അദാനിയുടെ പേര് പറയുമ്പോള്‍ വെപ്രാളം എന്തിനാണ്?, രക്തസാക്ഷിയുടെ മകനെ രാജ്യദ്രോഹിയെന്നാണ് വിളിക്കുന്നത്, അഹങ്കാരിയായ രാജാവിന് ജനം മറുപടി നല്‍കും’; മോദിയെ വെല്ലുവിളിച്ച് പ്രിയങ്ക ഗാന്ധി

0
137

രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും അതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്ഘട്ടിലെ കോണ്‍ഗ്രസ് സത്യഗ്രഹസമരത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി അഹങ്കാരിയും ഭീരുവുമാണെന്നും അഹങ്കാരിയായ രാജാവിന് ജനം മറുപടി നല്‍കുമെന്നും മോദിയെ വെല്ലുവിളിച്ച് പ്രിയങ്ക പറഞ്ഞു.

അദാനിയുടെ പേര് പറയുമ്പോള്‍ വെപ്രാളം എന്തിനാണ്? അദാനിയുടെ ഷെല്‍ കമ്പനികളില്‍ 20,000 കോടി നിക്ഷേപിച്ചത് ആരാണ് ? കൊള്ളയടിച്ചത് രാജ്യത്തിന്റെ സമ്പത്താണ്. രക്തസാക്ഷിയായ തന്റെ പിതാവിനെ പാര്‍ലമെന്റില്‍ പലതവണ അപമാനിച്ചു. രക്തസാക്ഷിയുടെ മകനെ രാജ്യദ്രോഹിയെന്നാണ് വിളിക്കുന്നത്. അവരെയൊന്നും മാനനഷ്ടക്കേസില്‍ ശിക്ഷിച്ച് കണ്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.

മോദിക്കെതിരായ പോരാട്ടം ഒരു ദിവസം കൊണ്ട് തീരുന്നതല്ലെന്ന് സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. നീരവ് മോദിയും ലളിത് മോദിയും പിന്നാക്ക സമുദായാംഗങ്ങളാണോയെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ സത്യാഗ്രഹം തുടരുകയാണ്. പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് പരിപാടിക്ക് ആദ്യം അനുമതി നിഷേധിച്ചിരുന്നുവെങ്കിലും പിന്നീട് അനുവദിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here