ആരാണ് മോദിമാർ ? 600 വർഷം മുൻപ് ഗുജറാത്തിലെത്തിയ നാടോടി വേരുകളുള്ള സമുദായത്തെ കുറിച്ച് അറിയാം

0
246

2019 പൊതു തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കർണാടകയിലെ കോലാറിൽ മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയ പരാമർശത്തെ തുടർന്ന് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയിരിക്കുകയാണ്. ‘എല്ലാ കള്ളന്മാർക്കും മോദി എന്ന കുടുംബപേര് വന്നത് എങ്ങനെ?’ എന്നായിരുന്നു രാഹുൽ ഗാന്ധി നടത്തിയ പരാമർശം. പരാമർശത്തിന്റെ പേരിൽ വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടെ മോദി സമുദായത്തെ കുറിച്ച് ചൂടുപിടിച്ച ചർച്ചകളും സജീവമാണ്.

ആരാണ് മോദിമാർ ? 600 വർഷം മുൻപ് ഗുജറാത്തിൽ എത്തിയ നാടോടി ഗോത്രത്തിൽ വേരുകളുള്ള വിഭാഗമാണ് മോദി സമുദായം. ഇന്ന് എണ്ണ വ്യവസായവുമായി ബന്ധപ്പെട്ടാണ് മോദിമാർ പ്രവർത്തിക്കുന്നത്. വടക്കേ ഇന്ത്യയിൽ നിന്ന് 15 -16 നൂറ്റാണ്ടിൽ ഗുജറാത്തിൽ സ്ഥിരതാമസമായ മോദിമാരെ ഒബിസി വിഭാഗത്തിൽപ്പെടുത്തുന്നത് 1994 ലാണ്. ഗുജറാത്തിൽ മാത്രമല്ല രാജസ്ഥാൻ, മധ്യ പ്രദേശ്, ഹരിയാന, ഝാർഖണ്ട് എന്നീ സംസ്ഥാനങ്ങളിലും മോദികളെ കാണാം.

‘നിലക്കടലയും എള്ളും ആട്ടി എണ്ണ നിർമിക്കുന്ന വ്യവസായത്തിലാണ് ആദ്യം മോദിമാർ ഏർപ്പെട്ടത്’- റിട്ട. ജെഎൻയു പ്രൊഫസറും സോഷ്യോളജി ഗവേഷകനുമായ പ്രൊഫസർ ഘനശ്യാം ഷാ പറയുന്നു. വ്യവസായികളായി എപ്പോഴും പരിഗണിക്കപ്പെട്ടതിനാൽ ജാതിപരമായ വേർതിരിവോ വിവേചനമോ മോദി സമുദായത്തിന് അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് ഷാ വ്യക്തമാക്കി.

മോദികളിൽ തന്നെ രണ്ട് വിഭാഗമുണ്ടെന്ന് ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന അച്യുത് യാഗ്നിക് പറയുന്നു. ഒന്ന് ബാനിയ വ്യവസായ വിഭാഗം. മറ്റൊന്ന് ‘തേലി ഗഞ്ചി’ ( എണ്ണ നിർമാതാക്കൾ) എന്ന നാടോടി ഗോത്രവിഭാഗം. തേലി ഗഞ്ചി വിഭാഗത്തിനാണ് ഒബിസി സ്‌റ്റേറ്റസ് നൽകിയിരിക്കുന്നത്.

ബാനിയ മോദികൾ പണം പലിശയ്ക്ക് നൽകിയും വീട്ടുപകരണ വിൽപന നടത്തിയും മറ്റുമാണ് ജീവിക്കുന്നത്. ബാനിയ വിഭാഗത്തെ ഉയർന്ന സമുദായമായാണ് കണക്കാക്കിയിരുന്നത്. വ്യവസായിയും പിഎൻബി തട്ടിപ്പ് കേസ് പ്രതിയുമായ നീരവ് മോദി ബാനിയ മോദികളുടെ പിന്തുടർച്ചക്കാരനാകാനാണ് സാധ്യതയെന്ന് അഹമ്മദാബാദിലെ സാമൂഹിക പ്രവർത്തകൻ ജതിൻ ഷേത്ത് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here