കുമ്പള: ഉപ്പള കേന്ദ്രീകരിച്ച് വൻ പണമിടപാട് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നതായും നിരവധി പേർ ഇരയായതായും സൂചന. ഇടപാടുകളിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടവരാണ് സംഘത്തിനെതിരെ രംഗത്തെത്തിയത്. സംഘത്തിൽ സ്ത്രീകൾ ഉൾപ്പെടെ പ്രവർത്തിച്ചു വരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
പ്രതിമാസം വലിയ തുക ലാഭവിഹിതം വാഗ്ദാനം ചെയ്തു കൊണ്ടാണ് സംഘം ഇരകളെ വലയിലാക്കുന്നത്. വാഗ്ദാനങ്ങളിൽ വീണു പോയ സാധാരണക്കാരും പാവപ്പെട്ടവരുമായ പലരും സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയും വിൽപന നടത്തിയുമാണ് തട്ടിപ്പു സംഘത്തിന് പണം നൽകിയത്.
ഒരാൾ ആദ്യമായി പണം നൽകുന്ന മുറക്ക് ലാഭവിഹിതം കണക്കാക്കി കൈയോടെ നൽകുകയും കൂടുതൽ നിക്ഷേപത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇതോടെ കൂടുതൽ മാസവരുമാനം ലക്ഷ്യമാക്കി ഉള്ളതെല്ലാം പെറുക്കി വിറ്റ് തട്ടിപ്പുസംഘത്തിന് പണം കൈമാറുകയാണ് ചെയ്യുന്നത്.
ചിലർ സംഘത്തിന്റെ പ്രലോഭനങ്ങളിൽ ആകൃഷ്ടരായി ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂടി പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നു. മിയപദവ് അഡ്കദഗുരിയിലെ ആയിഷ, ഭർത്താവ് റഫീഖ് എന്നിവർക്ക് ഏഴു ലക്ഷം രൂപ ഇങ്ങനെ നഷ്ടപ്പെട്ടതായി ദമ്പതികൾ പറയുന്നു.
ഒരു ബന്ധുവിന്റെ കൈവശമാണ് പണം നൽകിയത്. ആദ്യം രണ്ടു ലക്ഷം രൂപ നൽകുകയും 35,000 രൂപ തിരികെ കൈപ്പറ്റുകയും ചെയ്തു. പിന്നീട് പല തവണകളായി അഞ്ചു ലക്ഷം രൂപ സംഘം കൈക്കലാക്കിയത്രെ. എന്നാൽ, ലാഭമോ മുടക്കിയ പണമോ തിരിച്ചു ലഭിച്ചില്ല.
ബന്ധുവിനെതിരെ മഞ്ചേശ്വരം പൊലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് ഇവർ പറയുന്നു. സ്വർണം പണയപ്പെടുത്തിയും മറ്റുമാണ് പണം നൽകിയതെന്നും പണയപ്പെടുത്തിയ സ്വർണത്തിന് പലിശ അടക്കുന്നതു തന്നെകടം വാങ്ങിയാണെന്നും ഇവർ പറയുന്നു. ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ് നിലവിൽ ഈ കുടുംബം.
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘമാണ് ഉപ്പളയിൽ തട്ടിപ്പിന് നേതൃത്വം നൽകുന്നതെന്നാണ് ഇരകൾ നൽകുന്ന സൂചന. കൂടുതലും വീട്ടമ്മമാരെയാണ് സംഘം വലയിലാക്കുന്നത്. ലക്ഷങ്ങൾ നഷ്ടപ്പെട്ട പലരും മാനഹാനിയും സംഘത്തിന്റെ ആക്രമണവും ഭയന്ന് പരാതിപ്പെടാൻ പോലും തയാറാവുന്നില്ല. ഇരകളെ കണ്ടെത്തി അന്വേഷണം നടത്തിയാൽ പൊലീസിന് അനായാസം പ്രതികളെ കണ്ടെത്താനാവുമെന്നാണ് നാട്ടുകാർ പറയുന്നത്.