യുപിയില്‍ കൊലക്കേസ് പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു

0
267

യുപിയിലെ പ്രയാഗ്രാജില്‍ കൊലക്കേസ് പ്രതിയെ പൊലീസ് വെടി വച്ചു കൊന്നു. ഉമേഷ്പാല്‍ കൊലക്കേസ് പ്രതി വിജയ് ചൗധരി എന്ന ഉസ്മാനാണ് കൊല്ലപ്പെട്ടത്. ഇതേ കേസിലെ മറ്റൊരു പ്രതി അര്‍ബാസിനെ കഴിഞ്ഞ മാസം 27ന് യുപി പൊലീസ് സമാനമായ സാഹചര്യത്തില്‍ വകവരുത്തിയിരുന്നു.

ഇതോടെ ആറ് പ്രതികളുള്ള കേസില്‍ രണ്ട് മുഖ്യ പ്രതികളെയാണ് പോലീസ് ഏറ്റുമുട്ടലിലില്‍ കൊലപ്പെടുത്തിയത്. ബിഎസ്പി എംഎല്‍എയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയായിരുന്നു ഉമേഷ്പാല്‍. ഫെബ്രുവരി 24ന് ആണ് ഇയാളെ ഒരു സംഘം കൊലപ്പെടുത്തിയത്.

ഇന്ന് പുലര്‍ച്ചെ പ്രയാഗ്രാജിലെ കൗന്ധിയാരാ പൊലീസ് സ്റ്റേഷന് മുമ്പില്‍ വച്ചായിരുന്നു ഏറ്റുമുട്ടല്‍. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഉസ്മാന്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഇയാള്‍ക്ക് വെടിയേറ്റു.

പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്രതി തോക്കുചൂണ്ടി നില്‍ക്കുന്ന ഫോട്ടോ ഉള്‍പ്പെടെ യുപി പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം, ഉമേഷ്പാല്‍ കൊലക്കേസിലെ ആറ് പ്രതികളില്‍ ബാക്കിയുള്ള 4 പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 2.5 ലക്ഷം രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here