ബഹുഭാര്യാത്വം നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഒന്നിൽ കൂടുതൽ പങ്കാളികളുള്ളവരെ കുറിച്ചുള്ള റിപ്പോർട്ടുകൾ കാണാറുണ്ട്. വിവാഹ ശേഷം പങ്കാളിയ്ക്ക് മറ്റ് ബന്ധങ്ങൾ കണ്ടെത്തുന്നതും, തർക്കം കോടതിയിൽ എത്തുന്നതും ഇപ്പോൾ സാധാരണമാണ്. എന്നാൽ മദ്ധ്യപ്രദേശിലെ ഗ്വാളിയോറിൽ രണ്ട് ഭാര്യമാരുള്ള എഞ്ചിനീയർ വിചിത്രമായ ഒത്തുതീർപ്പ് വ്യവസ്ഥയ്ക്കാണ് വിധേയനായത്. മൂന്ന് ദിവസം വീതം ഓരോരുത്തരുടേയും കൂടെ കഴിയാനാണ് പുരുഷനെ ഭാര്യമാർ അനുവദിച്ചത്. ഏഴാമത്തെ ദിവസം അയാളുടെ സ്വകാര്യതയ്ക്കും അവർ സമയം നൽകി.
ഹരിയാനയിലെ ഗുരുഗ്രാമിൽ ജോലി ചെയ്യുന്ന എഞ്ചിനീയറെ 2018ലാണ് ഗ്വാളിയോറിൽ നിന്നുള്ള സീമ വിവാഹം ചെയ്തത്. രണ്ട് വർഷം ദമ്പതികൾ ഒരുമിച്ച് താമസിച്ചു. അപ്പോഴാണ് കൊവിഡിനെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്. ഇതോടെ സീമയെ ഗ്വാളിയോറിലേക്ക് ഭർത്താവ് കൊണ്ടുവന്നു. ഇവർക്ക് ഒരു കുഞ്ഞും ഉണ്ടായിരുന്നു. ഭാര്യയേയും കുഞ്ഞിനെയും ഗ്വാളിയോറിലെത്തിച്ച ശേഷം തിരികെ ജോലി സ്ഥലത്ത് എത്തിയ എഞ്ചിനീയർ ഓഫീസിലെ സഹപ്രവർത്തയുമായി അടുത്തു. അവരോടൊപ്പം ഒന്നിച്ച് താമസിക്കുകയും ചെയ്തു. ഈ ബന്ധത്തിൽ മകൾ പിറന്ന ശേഷമാണ് ഭർത്താവിന്റെ അവിഹിതം ആദ്യ ഭാര്യ തിരിച്ചറിഞ്ഞത്.
രണ്ടാം വിവാഹത്തെക്കുറിച്ച് അറിഞ്ഞ സീമ ഭർത്തിവിൽ നിന്നും വിവാഹമോചനം തേടി കോടതിയെ സമീപിച്ചു. ഡിവോഴ്സിന്റെ ഭാഗമായുള്ള കൗൺസിലിംഗ് സെഷനുകളിൽ വച്ച് ഇവർ വീണ്ടും ഒന്നായി. ഭർത്താവിനോട് ക്ഷമിച്ച സീമ ഭർത്താവ് ആഴ്ചയെ മൂന്ന് ഭാഗങ്ങളായി വിഭജിക്കണമെന്നായിരുന്ന ഒത്തു തീർപ്പ് വ്യവസ്ഥ വച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഗുരുഗ്രാമിൽ രണ്ട് ഫ്ളാറ്റെടുത്ത എഞ്ചിനീയർ രണ്ട് ഭാര്യമാരുമായി മൂന്ന് ദിവസങ്ങൾ വീതം ചെലവഴിക്കാൻ ആരംഭിക്കുകയായിരുന്നു.