പുനലൂർ: അന്യസംസ്ഥാനത്ത് നിന്ന് തമിഴ്നാട് അതിർത്തിയിലെ ആര്യങ്കാവ് വഴി കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിൽ കടത്തി കൊണ്ട് വന്ന 32ഗ്രാം എം.ഡി.എം.എയും 17 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിലായി. മലപ്പുറം തിരൂരങ്ങാടി മുന്നിയൂർ വെളിമുക്ക് പിലാലകണ്ടിൽ വീട്ടിൽ ഷംനാദ് (34), ഉപ്പള മംഗൽപാടി ബേക്കൂർ പുളികുത്തി വീട്ടിൽ മുഹമ്മദ് ഇമ്രാൻ (29) എന്നിവരെയാണ് രഹസ്യ വിവരത്തെ തുടർന്ന് തെന്മല എം.എസ്.എല്ലിൽ നടന്ന വാഹന പരിശോധനയിൽ എക്സൈസ് പുനലൂർ സി.ഐ കെ.സുദേവന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്.
ബംഗളൂരുവിൽ നിന്ന് ഒരുലക്ഷം രൂപയ്ക്കുവാങ്ങിയ ലഹരി വസ്തുക്കൾ, തെങ്കാശി- കൊല്ലം ഫാസ്റ്റ് പാസഞ്ചർ ബസിൽ കടത്തി ക്കൊണ്ട് വരുന്നതിനിടെയാണ് യുവാക്കൾ പിടിയിലായത്.
ലഹരി വസ്‌തുക്കൾ തൂക്കി നൽകുന്നതിനായി ഉപയോഗിക്കുന്ന മൊബൈൽ ഫോണിന്റെ രൂപത്തിലുളള ഇലക്ട്രോണിക് ത്രാസ്, ലഹരി ഉപയോഗം മറ്റാർക്കും മനസിലാകാതിരിക്കാൻ കണ്ണിലൊഴിക്കുന്ന തുളളി മരുന്ന്, ചുണ്ടിൽ പുരട്ടുന്ന പ്രത്യേക ലേപനം എന്നിവയും പ്രതികളിൽ നിന്ന് കണ്ടെടുത്തു. വായുസമ്പർക്കത്തിൽ അലിഞ്ഞു പോകാതിരിക്കാൻ ചെറിയ അലൂമിനിയം പെട്ടിയിലാക്കിയ നിലയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. കൗമാരക്കാരായ കുട്ടികളെ ലക്ഷ്യമിട്ടായിരുന്നു വ്യാപരമെന്നും ഒരു ഗ്രാം ലഹരി വസ്തുവിന് കേരളത്തിൽ നിന്ന് 10,000 രൂപ വാങ്ങിയിരുന്നതായും പ്രതികൾ മൊഴിനൽകിയതായി സി.ഐ. പറഞ്ഞു.
പ്രതികളെ അഞ്ചൽ എക്സൈസ് റെയ്ഞ്ചിന് കൈ മാറി. എക്സൈസ് ഉദ്യോഗസ്ഥരായ എ.അൻസാർ, കെ.പി.ശ്രീകുമാർ, ബി.പ്രദീപ് കുമാർ, അനീഷ് അർക്കജ്, ഹരിലാൽ, റോബിൻ, രാജ്മോഹൻ എന്നിവരും വാഹന പരിശോധനയിൽ പങ്കെടുത്തു.