21 ദിവസം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ, ഒടുവില്‍ ജീവനോടെ ഒരു രക്ഷപ്പെടല്‍; വൈറല്‍ വീഡിയോ

0
321

ലോകത്തെ നടുക്കിയ തുർക്കി സിറിയ ഭൂകമ്പത്തിന്‍റെ അലയൊലികൾ ഇനിയും അവസാനിച്ചിട്ടില്ല. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്. ജീവനോടെ കണ്ടെത്തുമെന്ന പ്രതീക്ഷയില്ലെങ്കിലും യഥാവിധി മറവു ചെയ്യുന്നതിന് ശരീരമെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പലപ്പോഴും തിരച്ചില്‍ പുരോഗമിക്കുന്നത്. എന്നാല്‍, ഈ തിരച്ചിലിനിടെ ചിലപ്പോഴൊക്കെ ഏവരെയും ആശ്ചര്യപ്പെടുത്തുന്ന ചില സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ഭൂകമ്പം നടന്ന് ആഴ്ചകള്‍ തന്നെ പിന്നിട്ടിട്ടും ഇപ്പോഴും മനുഷ്യരെയും മൃഗങ്ങളെയും ജീവനോടെ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കണ്ടെത്താനാകുന്നുണ്ട് എന്നത് അത്ഭുതം തന്നെയാണ്. കഴിഞ്ഞ ദിവസം 21 ദിവസത്തോളം കെട്ടിടവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന രണ്ട് യുവാക്കളെ ജീവനോടെ രക്ഷപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സമാനമായ മറ്റൊരു സംഭവം കൂടി പുറത്ത് വന്നു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ഒരു കുതിരയെയാണ് ഇത്തവണ 21 ദിവസങ്ങൾക്ക് ശേഷം ജീവനോടെ രക്ഷാപ്രവർത്തക സംഘം കണ്ടെത്തിയിരിക്കുന്നത്. തുർക്കിയിലെ അടിയമാൻ എന്ന നഗരത്തിൽ നിന്നുമാണ് കുതിരയെ കണ്ടെത്തിയത്. രക്ഷാപ്രവർത്തനത്തിന് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.

എന്നാല്‍, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ ഇതുമായി ബന്ധപ്പെട്ട് പലരും പല സംശയങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. 21 ദിവസങ്ങൾക്ക് ശേഷം കുതിരയെ ജീവനോടെ രക്ഷിച്ചു എന്ന കുറിപ്പോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഒരു കുതിരയ്ക്ക് 6 – 7 ദിവസത്തിൽ കൂടുതൽ ഭക്ഷണവും വെള്ളവുമില്ലാതെ ഒരുതരത്തിലും ജീവനോടെ പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഭൂകമ്പം നടന്നതിന് പിന്നാലെയാകാം കുതിരകളെ രക്ഷിച്ചതെന്നും എന്നാല്‍, അതിനും ദിവസങ്ങള്‍ കഴിഞ്ഞാകാം വീഡിയോ പുറത്ത് വട്ടതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. രക്ഷപ്പെട്ട് പുറത്തെത്തിയ കുതിര അത്രയ്ക്ക് ക്ഷീണിതനല്ലെന്നതും സംശയം വര്‍ദ്ധിപ്പിക്കുന്നു.

ചുറ്റും കൂടി കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒരു  മരപ്പലകയ്ക്ക് താഴെയാണ് വീഡിയോയിൽ കുതിര നിൽക്കുന്നത്. ഒരു രക്ഷാപ്രവർത്തകൻ കുതിര നിൽക്കുന്നിടത്തേക്ക് ഇറങ്ങിച്ചെന്ന് കഴുത്തിൽ കയറിട്ട് കുതിരയെ വലിച്ച് പുറത്തേക്ക് ഇറക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിൽ. വീഡിയോയുടെ ആധികാരികതയെ കുറിച്ച് ചിലർ സംശയം പ്രകടിപ്പിച്ചപ്പോൾ മറ്റ് ചിലർക്കുറിച്ചത് പ്രതീക്ഷ ഇനിയും അവസാനിപ്പിക്കാറായിട്ടില്ലെന്നാണ്. ഫെബ്രുവരി ആറിനാണ് തുർക്കിയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ലോകം ഈ അടുത്തകാലത്ത് സാക്ഷ്യം വഹിച്ച ഏറ്റവും വിനാശകരമായ ദുരന്തമായാണ് തുര്‍ക്കി സിറിയ ഭൂകമ്പം അറിയപ്പെടുന്നത്. തകർന്ന് വീണ കെട്ടിടങ്ങൾക്കിടയിൽ അകപ്പെട്ട  48,000 ത്തോളം ജീവനുകളാണ് പൊലിഞ്ഞത്.  ഇനിയും കണ്ടെത്താനാകാത്തവരും നിരവധി. പ്രകൃതിക്ക് മേലുള്ള മനുഷ്യന്‍റെ അനിയന്ത്രിത കൈകടത്തലുകൾക്കുള്ള ശിക്ഷയായാണ് പരിസ്ഥിതിവാദികൾ അടക്കമുള്ളവർ ഈ ഭൂകമ്പത്തെ വിശേഷിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here