നിയമങ്ങള്‍ കര്‍ശനമായിരിക്കുന്നു, ഇത്തരം വണ്ടികള്‍ വാങ്ങാൻ ഒരുങ്ങുന്നവര്‍ ജാഗ്രത!

0
273

നമ്മുടെ രാജ്യത്ത് വാഹനങ്ങളിൽ നിന്നുള്ള ഹാനികരമായ വാതകങ്ങൾ തടയുന്നതിനുള്ള കൂടുതൽ ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ഇതിൻറെ ഭാഗമായി ഈ ഏപ്രിൽ ഒന്നുമുതൽ ഇന്ത്യയിൽ പുതുക്കിയ ബിഎസ് 6 രണ്ടാംഘട്ട മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ നടപ്പിലാക്കപ്പെടും. ഇതോടെ വാഹന വ്യവസായം ഉടനടി അടിമുടി മാറും. ഈ പുതിയ നിയമങ്ങൾ നിലവിലുള്ള പഴയ വാഹനങ്ങളെയും പുതിയ വാഹനങ്ങളെയും എങ്ങനെയൊക്കെ ബാധിക്കും എന്ന ആശങ്കയിലാണ് വഹാനപ്രേമികൾ. വൻ വില കൊടുത്ത് പഴയ ജീപ്പുകൾ ഉൾപ്പെടെയുള്ള പഴയ വാഹനങ്ങൾ സ്വന്തമാക്കിയവരിൽ പലരും ആശങ്കയിലാണ്. അതുകൊണ്ടു തന്നെ ഇത്തരം വാഹനങ്ങൾ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഇരുത്തി ചിന്തിക്കുന്നത് നല്ലതായിരിക്കും.

ആർഡിഇ, കഫെ2, ഒബിഡി2 എന്നിങ്ങനെ മലിനീകരണ നിയന്ത്രണ നിയമങ്ങൾ നിരവധിയുണ്ട്. ബിഎസ്6 രണ്ടാം ഘട്ട മാനദണ്ഡങ്ങളുടെ ഭാഗമായി, അനുയോജ്യമായ ടെസ്റ്റ് സാഹചര്യങ്ങളിലും യഥാർത്ഥ ലോക ഉപയോഗത്തിലും ഫോർ വീലറുകളുടെ എമിഷൻ അളവ് വിലയിരുത്തുന്നതിന് റിയൽ ഡ്രൈവിംഗ് എമിഷൻ (RDE), കോർപ്പറേറ്റ് ശരാശരി ഇന്ധന സമ്പദ്‌വ്യവസ്ഥ (CAFE 2) ചട്ടങ്ങൾ നടപ്പിലാക്കുന്നു. ഇരുചക്രവാഹനങ്ങൾക്ക്, ഓൺ-ബോർഡ് ഡയഗ്നോസ്റ്റിക്സ് (OBD 2) മാനദണ്ഡം ഇപ്പോൾ ബാധകമാകും. വാഹനങ്ങളുടെ തത്സമയ എമിഷൻ നില നിരീക്ഷിക്കാൻ ഈ സംവിധാനങ്ങൽ സഹായിക്കുന്നു.

മേൽപ്പറഞ്ഞത് പുതിയ വാഹനങ്ങളുടെ കാര്യമാണ്. ഈ സംവിധാനങ്ങൾ ഉൾപ്പെടുത്തിയാൽ ചെലവേറും എന്നതുകൊണ്ടു തന്നെ പല മോഡലുകളും ഉൾപ്പാദനം നിർത്തിക്കഴിഞ്ഞു. അതേസമയം പുതിയ മലനീകരണ നിയമങ്ങൾക്കൊപ്പം സർക്കാരിൻറെ വണ്ടി പൊളിക്കൽ നയം കൂടി വന്നതോടെ വൻ വിലയിൽ വിൽപ്പന നടക്കുന്ന ചില പഴയ വാഹനങ്ങളുടെ കച്ചവട സാധ്യതയ്ക്കാണ് ഭീഷണിയാകുന്നത്. വാഹന സ്‌ക്രാപ്പേജ് നയം 2022 ഏപ്രിൽ 1 മുതലാണ് പ്രാബല്യത്തിൽ വന്നത്. 2021-22 ലെ യൂണിയൻ ബജറ്റിലാണ് ഈ നയം പ്രഖ്യാപിച്ചത്, കൂടാതെ വ്യക്തിഗത വാഹനങ്ങൾക്ക് 20 വർഷത്തിന് ശേഷം ഫിറ്റ്‌നസ് പരിശോധനകൾ നടത്താനും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷത്തിന് ശേഷം ഇത് ആവശ്യമാണ്.

സാധുതയുള്ള ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുള്ള ഏതൊരു വാഹനത്തിനും റോഡുകളിൽ ഓടുന്നത് തുടരാനാകും. പക്ഷേ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ കാലഹരണപ്പെടുന്ന മുറയ്ക്ക് പഴയ വാഹനങ്ങൾ കർശനമായ പുനഃപരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. ഇനിമുതൽ പൂർണമായും യന്ത്രവൽകൃതമായ സംവിധാനങ്ങളാണ് വാഹനങ്ങളെ പരിശോധിക്കുന്നത്. ഇതിൽ പുറത്തുനിന്നുള്ള യാതൊരുവിധ ഇടപെടലുകളും നടത്താൻ സാധിക്കില്ല. അടുത്തകാലത്തായി വാഹനങ്ങളുടെ പുക പരിശോധനയ്ക്ക് പോകുന്നവർക്ക് ഇതിനെക്കുറിച്ച് വളരെ വേഗം മനസിലാകും. കാരണം ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ ഉൾപ്പെടെ കബളിപ്പിക്കാൻ സാധ്യമല്ല എന്നതുകൊണ്ടു തന്നെ പരിശോധനകൾ കടുക്കും. നിയമങ്ങൾക്ക് അനുസൃത്യമായി പഴയ വാഹനങ്ങളുടെ എഞ്ചിൻ പണി എടുക്കണമെങ്കിൽ കാശ് ഏറെ ചെലവാക്കേണ്ടി വരുമെന്ന് ഉറപ്പാണ്. പരിശോധനയിൽ ആവർത്തിച്ച് പരാജയപ്പെട്ടാൽ മോഹവില കൊടുത്തു വാങ്ങിയ വാഹനം പുതിയ വെഹിക്കിൾ സ്‌ക്രാപ്പിംഗ് പോളിസി പ്രകാരം പൊളിക്കേണ്ടി വരും. അതിന് മനസ് അനുവദിക്കുന്നില്ലെങ്കിൽ നിരത്തിൽ ഇറക്കാനാകാതെ പോർച്ചിൽത്തന്നെ സൂക്ഷിക്കേണ്ടതായും വരും. എന്തായാലും പഴയ വാഹനങ്ങൾക്ക് പുതിയ നിയമങ്ങൾ തിരിച്ചടിയായിരുക്കുമെന്ന കാര്യത്തിൽ സംശയമില്ല.

രാജ്യത്തെ വിൻറേജ് വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ സംവിധാനവും നമ്പർ പ്ലേറ്റും ഏർപ്പെടുത്തി മോട്ടർ വാഹന നിയമം 2021ൽ ഭേദഗതി ചെയ്‍തതും ജീപ്പുകൾ ഉൾപ്പെടെയുള്ള പഴയ മോഡലുകൾക്ക് തിരിച്ചടിയാണ്. കാരണം ഇപ്പോൾ, വിന്റേജ് വാഹനങ്ങൾ കാർ രജിസ്ട്രേഷനായി കേന്ദ്രീകൃത സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. 50 വർഷത്തിലേറെ പഴക്കമുള്ള, വാണിജ്യ ആവശ്യത്തിനുപയോഗിക്കാത്ത ഇരുചക്ര, നാലുചക്ര വാഹനങ്ങളെയാണ് പുതിയ ഭേദഗതിയിൽ വിന്റേജ് വാഹനങ്ങളായി പരിഗണിക്കുക. അതുകൊണ്ടുതന്നെ 20 – 30 വർഷങ്ങൾ പഴക്കമുള്ള വാഹനങ്ങൾ വൻ വില കൊടുത്തു വാങ്ങുന്നവർ കൂടുതൽ ആലോചിക്കുന്നത് നല്ലതായിരിക്കും.

വിൻറേജ് വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പറിൽ VA എന്നു കൂടി സംസ്ഥാന കോഡിനു ശേഷം ചേർക്കും. ആദ്യ രജിസ്ട്രേഷന് 20,000 രൂപയാണ് ഫീസ്. 10 വർഷം ആണ് കാലാവധി. പുനർ രജിസ്ട്രേഷന് 5000 രൂപയാണ് ഫീസ്. പ്രദർശന, ഗവേഷണ ആവശ്യങ്ങൾക്കും കാർ റാലിക്കും പുറമേ ഇന്ധനം നിറയ്ക്കാനും അറ്റകുറ്റപ്പണികൾക്കും മാത്രമേ വിന്റേജ് വാഹനങ്ങൾ ഓടിക്കാവൂ. ഈ വാഹനങ്ങൾ മറ്റ് വാഹനങ്ങളെപ്പോലെ പതിവായി ഉപയോഗിക്കാൻ കഴിയില്ല. മാത്രമല്ല ഉടമകൾക്ക് അവ വാണിജ്യപരമായും ഉപയോഗിക്കാൻ കഴിയില്ല.

പഴക്കം കൂടിയ വാഹനങ്ങളുടെ വിലയും ഇനി ഇടിയാനാണ് സാധ്യത. കാരണം നിലവിൽ യൂസ്‍ഡ് കാരിൻറെ വില നിർണയിക്കുന്നത് അതിന്റെ നിർമാണവർഷം, ഓടിയ ദൂരം, എത്രാമത്തെ ഉടമസ്ഥത, നിലവിലുള്ള അവസ്ഥ എന്നിവ അടിസ്ഥാനമാക്കിയാണ്. ഇതുവരെ നിർമാണവർഷത്തിന്, മറ്റു ഘടകങ്ങൾക്കു തുല്യമായ പ്രാധാന്യം ഉണ്ടായിരുന്നു. എന്നാൽ, പൊളിക്കൽ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇതിന്റെ പ്രാധാന്യം ഏറെ വർധിക്കും. അതായത്, മുൻപ്, ആദ്യത്തെ ഉടമസ്ഥന്റെ, കുറഞ്ഞ ദൂരം ഓടിയിട്ടുള്ള ഒരു വാഹനത്തിനു ലഭിച്ചിരുന്ന വില പുതിയ സാഹചര്യത്തിൽ ലഭിക്കണം എന്നില്ല. മറിച്ച് രണ്ടു കൈമറിഞ്ഞ, അൽപം കൂടുതൽ ഓടിയ വാഹനത്തിന് പഴക്കം കുറവാണെങ്കിൽ കൂടുതൽ കൂടുതൽ വില ലഭിക്കാനാണ് സാധ്യത.

 

LEAVE A REPLY

Please enter your comment!
Please enter your name here