ക്യൂ നൂറു മീറ്റർ കടന്നാൽ വാഹനങ്ങൾ ടോള്‍ വാങ്ങാതെ കടത്തിവിടണമെന്ന് ഹൈക്കോടതി

0
130

ടോള്‍ പ്ലാസയിലെ വാഹന നിര നൂറു മീറ്ററിലേറെ നീണ്ടാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ടോള്‍ വാങ്ങാതെ വാഹനങ്ങള്‍ കടത്തിവിടണമെന്ന ദേശീയപാത അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശം നടപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി.

തൃശ്ശൂരിലെ പാലിയേക്കര ടോള്‍പ്‌ളാസയിലൂടെ വാഹനങ്ങള്‍ കടത്തിവിടാന്‍ വൈകുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നെന്നാരോപിച്ച് പാലക്കാട് സ്വദേശി നിതിന്‍ രാമകൃഷ്ണന്‍ നല്‍കിയ അപ്പീലില്‍ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്.

ടോള്‍പ്‌ളാസയിലൂടെയുള്ള ഗതാഗതം സുഗമമാക്കാന്‍ എന്തു ചെയ്യാനാവുമെന്നതില്‍ നിലപാട് അറിയിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഹര്‍ജി മാറ്റി. തിരക്കുള്ള സമയങ്ങളില്‍ ടോള്‍പ്‌ളാസയില്‍ വാഹനങ്ങള്‍ ഏറെ നേരം കാത്തുകിടക്കേണ്ടി വരുന്നെന്നാണ് ഹര്‍ജിക്കാരന്റെ പരാതി.

സാങ്കേതികവിദ്യ പുരോഗമിച്ച പുതിയ കാലത്ത് ഇതിലൊക്കെ മാറ്റം വരേണ്ട സമയം അതിക്രമിച്ചെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് ദേശീയപാത അതോറിറ്റിയുടെ 2021 മേയ് 24-ലെ മാര്‍ഗനിര്‍ദേശം പരിഗണിക്കാന്‍ നിര്‍ദേശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here