കോവിഡ് വകഭേദത്തിന് വ്യാപനശേഷി കൂടുതല്‍, പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം; മുന്നറിയിപ്പ്

0
138

സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് സര്‍ക്കാര്‍. എന്നാല്‍ സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു.

കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ജില്ലകള്‍ തോറും ജാഗ്രത കര്‍ശനമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ദിവസവും കോവിഡ് കേസുകള്‍ ആരോഗ്യ വകുപ്പ് അവലോകനം ചെയ്തു വരുന്നു. സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ല.

ആശുപത്രി സജ്ജീകരണങ്ങള്‍ക്കായി ജില്ലകളും ആശുപത്രികളും സര്‍ജ് പ്ലാന്‍ തയ്യാറാക്കണം. കോവിഡ് രോഗികള്‍ വര്‍ധിക്കുന്നത് മുന്നില്‍ കണ്ട് ഐസിയു, വെന്റിലേറ്റര്‍ ആശുപത്രി സംവിധാനങ്ങള്‍ കൂടുതല്‍ മാറ്റിവയ്ക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

പുതിയ വകഭേദം വന്നിട്ടുണ്ടോയെന്നറിയാന്‍ ജിനോമിക് പരിശോധനകള്‍ വര്‍ധിപ്പിക്കും. മെഡിക്കല്‍ കോളേജുകളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടില്ല. ആവശ്യമായ പരിശോധന കിറ്റുകളും മരുന്നുകളും സജ്ജമാക്കാന്‍ കെ.എം.എസ്.സി.എല്ലിന് നിര്‍ദേശം നല്‍കി.

കോവിഡ് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. അതിനാല്‍ സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. കോവിഡ് പ്രതിരോധത്തിന് മാസ്‌ക് ധരിക്കേണ്ടതാണ്. മറ്റ് രോഗമുള്ളവരും, പ്രായമായവരും, കുട്ടികളും, ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് കൃത്യമായി ധരിക്കണം. ആശുപത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here