ദുബൈ: ചൊവ്വാഴ്ച ഗൾഫ് രാജ്യങ്ങളിലൊന്നും റമദാൻ മാസപ്പിറ കാണാത്ത സാഹചര്യത്തിൽ, ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് വിവിധ രാജ്യങ്ങളിലെ അധികൃതർ അറിയിച്ചു. സൗദി, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലാണ് ബുധനാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച് വ്യാഴാഴ്ച നോമ്പ് ആരംഭിക്കുന്നത്.
ഒമാനിൽ ബുധനാഴ്ച ശഅബാൻ 29ആയതിനാൽ റമദാൻ സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. മാസപ്പിറവി കണ്ടാൽ ഒമാനിലും മറ്റു ഗൾഫ് രാജ്യങ്ങൾക്ക് ഒപ്പമായിരിക്കും വ്രതാരംഭം. നാലു വർഷത്തിനിടെ പൂർണമായും കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് ഇത്തവണ ഗൾഫിൽ റമദാൻ കടന്നു വരുന്നത്.