‘ആ പ്രസംഗത്തിന്‍റെ ലക്ഷ്യം പകലുപോലെ വ്യക്തം’; രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി സ്വരാജ്

0
352

തിരുവനന്തപുരം: വിവാദ പ്രസം​ഗത്തിന്റെ പേരിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് അയോ​ഗ്യനാക്കപ്പെട്ട കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്ക് പിന്തുണയുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ എം സ്വരാജ്. രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും അവഹേളിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും പ്രധാനമന്ത്രിയെയും അഴിമതിയെയും വിമർശിക്കുക എന്ന ലക്ഷ്യമാണ് പ്രസംഗത്തിനുള്ളതെന്നും പകലു പോലെ വ്യക്തമാണെന്നും സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു. വിയോജിപ്പുകൾക്കും വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിലങ്ങു വീഴുമ്പോൾ കേൾക്കുന്ന ശബ്ദം ഫാസിസത്തിന്റെ കാലൊച്ച തന്നെയാണ്. കൊന്നു കൊണ്ടിരിക്കുന്നത് ഇന്ത്യയെത്തന്നെയാണ്. രാജ്യം നേരിടുന്ന വെല്ലുവിളിയുടെ ആഴം കേരളത്തിലെ കോൺഗ്രസുകാർക്ക് മനസിലായാലും ഇല്ലെങ്കിലും എല്ലാ ജനാധിപത്യവാദികളും പ്രതിഷേധമുയർത്തേണ്ട സന്ദർഭമാണിതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ​ഗാന്ധിയുടെ ചിത്രം സഹിതം പോസ്റ്റ് ചെയ്താണ് കേന്ദ്ര സർക്കാർ നടപടിയെ സ്വരാജ് വിമർശിച്ചത്.

അതേസമയം, എംപി സ്ഥാനത്ത് നിന്ന് രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയ നടപടി സ്വാഭാവികമാണെന്ന് ബിജെപി. അയോഗ്യനാക്കിയ നടപടി സ്വാഭാവികമാണെന്നും ​ഗാന്ധി കുടുംബത്തിന് പ്രത്യേകതയൊന്നുമില്ലെന്ന് മന്ത്രി അനുരാ​ഗ് ഠാക്കൂർ പറഞ്ഞു. എം പി സ്ഥാനത്ത് നിന്ന് രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കി ലോക്സഭ സെക്രട്ടറിയേറ്റാണ് വിജ്ഞാപനം പുറത്തിറക്കിയത്. രാഹുൽ ​ഗാന്ധിക്കെതിരെ കടുത്ത വിമർശനങ്ങളുയർത്തി ബിജെപി നേതാക്കൾ രം​ഗത്തെത്തിയിരുന്നു.

കളവും അപകീർത്തിപ്പെടുത്തലും രാഹുലിന്റെ പതിവാണെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ കുറ്റപ്പെടുത്തിയിരുന്നു. ഒബിസി വിഭാഗക്കാരെ കള്ളന്മാരോട് ഉപമിച്ചത് രാഹുലിന്റെ ജാതി മനസ് പുറത്തായെന്നും ഇത്തവണ തിരിച്ചടി 2019ൽ കിട്ടിയതിനേക്കാൾ കനത്തതാകുമെന്നും നദ്ദ പ്രസ്താവനയിൽ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ജനാധിപത്യം കേവലം ഒരു വാക്കു മാത്രമാണെന്ന് ഇന്ത്യ തെളിയിക്കുന്നു. രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും അവഹേളിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും പ്രധാനമന്ത്രിയെയും അഴിമതിയെയും വിമർശിക്കുക എന്ന ലക്ഷ്യമാണ് ആ പ്രസംഗത്തിനുള്ളതെന്നും പകലു പോലെ വ്യക്തമാണ്. വിയോജിപ്പുകൾക്കും വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ‌വിലങ്ങു വീഴുമ്പോൾ കേൾക്കുന്ന ശബ്ദം ഫാസിസത്തിന്റെ കാലൊച്ച തന്നെയാണ്. കൊന്നു കൊണ്ടിരിക്കുന്നത് ഇന്ത്യയെത്തന്നെയാണ്. രാജ്യം നേരിടുന്ന വെല്ലുവിളിയുടെ ആഴം കേരളത്തിലെ കോൺഗ്രസുകാർക്ക് മനസിലായാലും ഇല്ലെങ്കിലും എല്ലാ ജനാധിപത്യവാദികളും പ്രതിഷേധമുയർത്തേണ്ട സന്ദർഭമാണിത്.

 

LEAVE A REPLY

Please enter your comment!
Please enter your name here