പിണറായിയുമായി പല തവണകൂടിക്കാഴ്ച നടത്തി; ഫോട്ടോകള്‍ കൈവശമുണ്ട്; രവീന്ദ്രന്‍ സ്ത്രീകളെ വില്‍പ്പന ചരക്കായി കാണുന്നവന്‍; തുറന്നടിച്ച് സ്വപ്ന

0
436

നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് പച്ചക്കള്ളമെന്ന് സ്വപ്‌ന സുരേഷ്. പിണറായി വിജയനുമായി പല തവണ കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ അടക്കം തന്റെ പക്കലുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. പുറത്തു വന്ന ചാറ്റുകളെല്ലാം സത്യമാണ്. മുഖ്യമന്ത്രിയുടെ ബിസനസ് ആവശ്യങ്ങള്‍ക്കായി പലതവണ വിദേശയാത്രകള്‍ നടത്തിയെന്നും സ്വപ്‌ന പറഞ്ഞു. സ്ത്രീകളെ വില്‍പ്പന ചരക്കായി കാണുന്ന ആളാണ് സിഎം രവീന്ദ്രന്‍. കൂടുതല്‍ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സ്വപ്‌ന ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം, ലൈഫ് മിഷന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് വീണ്ടും നോട്ടീസ് നല്‍കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. മാര്‍ച്ച് ഏഴിന് ഹാജരാകാനാണ് ഇഡി വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാന്‍ നോട്ടീസ് കൈമാറിയെങ്കിലും നിയമസഭ ചേരുന്നതിനാല്‍ എത്താന്‍ സാധിക്കില്ലെന്നായിരുന്നു രവീന്ദ്രന്റെ നിലപാട്. ഇതിന് പിന്നാലെയാണ് വീണ്ടും നോട്ടീസ് കൈമാറിയിരിക്കുന്നത്.

അതേസമയം, ലൈഫ് മിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഇഡി നോട്ടീസ് കൈമാറി. പി ബി നൂഹ് ഐഎഎസ് ഇന്ന് ഹാജരാകണമെന്നാണ് നോട്ടീസ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ തേടുന്നതിനാണ് ഹാജരാകാന്‍ നിര്‍ദേശിച്ചത്. വടക്കാഞ്ചേരി പദ്ധതിയുടെ കരാര്‍ വിശദാംശങ്ങളിലടക്കം വ്യക്തതയുണ്ടാക്കും. വിവാദ കരാറിനും കേസിനും ശേഷമാണ് പിബി നൂഹ് ചുമതലയേല്‍ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here