ജയില്‍ ചാടി മധുരം കഴിക്കാനായി മുങ്ങി തടവുകാര്‍; ജയില്‍ ഭിത്തി തുരക്കാനുപയോഗിച്ച ആയുധം കണ്ട് അമ്പരപ്പ്

0
361

വിര്‍ജീനിയ: ജയില്‍ തുരന്ന് രക്ഷപ്പെടാനായി രണ്ട് തടവുകാര്‍ ഉപയോഗിച്ച ആയുധം കണ്ട് അമ്പരന്ന് ഉദ്യോഗസ്ഥര്‍. സെല്ല് തുരക്കാനായി ജയില്‍ പുള്ളികള്‍ ഉപയോഗിച്ച ആ മാരകായുധം ടൂത്ത് ബ്രഷായിരുന്നു. വിര്‍ജീനിയയിലാണ് സംഭവം. തിങ്കളാഴ്ച തടവുകാരുടെ എണ്ണമെടുക്കുന്നതിനിടയിലാണ് രണ്ട് പേരെ കാണാനില്ലെന്നത് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നത്. 37 കാരനായജോണ്‍ എം ഗാര്‍സ എന്നയാളും സഹ തടവുകാരനും 43കാരനായ ആര്‍ലി വി നെമോയുമാണ് വിര്‍ജീനിയയിലെ ന്യൂപോര്‍ട്ട് ന്യൂസ് ജെയിലില്‍ നിന്ന് കാണാതായത്.

സെല്ലിന്‍റെ ഭിത്തി ടൂത്ത് ബ്രഷിന്‍റെ സഹായത്തോടെ തുരന്നായിരുന്നു ഇരുവരും ജയില്‍ ചാടിയത്. ഇതിന് പിന്നാലെ ജയിലിന്‍റെ മതിലിലും ഇവര്‍ വലിഞ്ഞു കേറി രക്ഷപ്പെടുകയായിരുന്നു. വിര്‍ജീനിയയില്‍ നിന്ന് ഏറെ അകലെ അല്ലാത്ത ഹാംപടണില്‍ വച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്. ജയില്‍ ചാടി മൈലുകള്‍ നടന്ന ക്ഷീണം മാറ്റാനായി ഒരു ബേക്കറിയില്‍ കയറിയതാണ് തടവ് പുള്ളികള്‍ക്ക് പാരയായത്. ബേക്കറിയിലെ ജീവനക്കാര്‍ക്ക് ഇവരെ കണ്ട് സംശയം തോന്നുകയും പൊലീസില്‍ അറിയിക്കുകയുമായിരുന്നു. ജയില്‍ കെട്ടിട നിര്‍മ്മാണത്തിലെ ചെറിയ പാളിച്ച മുതലാക്കിയായിരുന്നു ഇവരുടെ തുരങ്ക നിര്‍മ്മാണം. കഷ്ടിച്ച് ഒരാള്‍ക്ക് കടന്ന് പോകാന്‍ കഴിയുന്ന തുരങ്കമായിരുന്നു ഇവര്‍ നിര്‍മ്മിച്ചത്.

രണ്ട് മണിക്കൂറോളമെടുത്താണ് ഇവര്‍ ഹാംപ്ടണിലെ ബേക്കറിയിലെത്തിയത്. ഇവര്‍ എത്രകാലമായി ജയിലില്‍ ആണെന്ന കാര്യം പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമാക്കിയില്ല. കോടതി അലക്ഷ്യത്തിനാണ് ഗാസ തടവിലായിട്ടുള്ളത്. ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്, ആള്‍മാറാട്ടം, വ്യാജ രേഖ ചമയ്ക്കല്‍, കോടതി അലക്ഷ്യം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് നെമോ. തടവുപുള്ളികളെ പിടികൂടാനായെങ്കിലും തടവുകാര്‍ക്ക് ഇനി പല്ല് തേക്കാന്‍ ബ്രഷ് നല്‍കണമെയെന്ന കണ്‍ഫ്യൂഷനിലാണ് ജയില്‍ ഉദ്യോഗസ്ഥര്‍.

LEAVE A REPLY

Please enter your comment!
Please enter your name here