തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമനത്തിന് സ്വതന്ത്ര സമിതി: സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

0
196

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളെ നിയമിക്കാൻ സ്വതന്ത്രസമിതിയെ നിയോഗിച്ച് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. ഇതിനായി പ്രധാനമന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവും ഉൾപ്പെട്ട കൊളീജിയം രൂപീകരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസും കൊളീജിയത്തിൽ ഉൾപ്പെടും. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷനെയും അംഗങ്ങളെയും ഈ കൊളീജിയമാകും തീരുമാനിക്കുക.

കേന്ദ്രസർക്കാർ നിർദേശിക്കുന്നവരുടെ പേരുകൾ അംഗീകരിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ അംഗങ്ങളെ രാഷ്ട്രപതി നിയമിക്കുന്നതാണ് നിലവിലെ രീതി. ഈ രീതി മാറ്റിയാണ് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഉൾപ്പെട്ട കൊളീജിയം രൂപീകരിക്കാൻ സുപ്രീം കോടതി നിർദേശിച്ചത്. ലോക്സഭയിൽ പ്രതിപക്ഷ നേതാവ് ഇല്ലാത്ത സാഹചര്യം വന്നാൽ, ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പ്രതിപക്ഷ പാർട്ടിയുടെ നേതാവാകും കൊളീജിയത്തിലെ പ്രതിനിധി.

ഈ സമിതി ചർച്ച ചെയ്ത് തീരുമാനിക്കുന്നവരെയാകും ഇനി രാഷ്ട്രപതി നിയമിക്കുക. തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളുടെ നിയമനത്തിനായി സ്വതന്ത്ര സംവിധാനം വേണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജികളിലാണ് ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here