അലഹബാദ് ഹൈക്കോടതി വളപ്പിലെ മസ്ജിദ് നീക്കംചെയ്യണമെന്ന ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു

0
219

ന്യൂഡല്‍ഹി: അലഹബാദ് ഹൈക്കോടതി വളപ്പില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദ് നീക്കം ചെയ്യണമെന്ന ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. മൂന്ന് മാസത്തിനുള്ളില്‍ മസ്ജിദ് നീക്കം ചെയ്തില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നും ജസ്റ്റിസുമാരായ എം.ആര്‍. ഷാ, സി.ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കോടതി വളപ്പിലെ മസ്ജിദ് പൊളിച്ച് നീക്കണമെന്ന് അലഹബാദ് ഹൈക്കോടതി 2017-ല്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരേ വഖഫ് മസ്ജിദും യു.പി. സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതി തള്ളിയത്. സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമി എങ്ങനെയാണ് വഖഫ് ഭൂമിയായി മാറിയതെന്നും കോടതി ആരാഞ്ഞു.

മസ്ജിദ് നീക്കം ചെയ്യുന്നതിന് പകരമായി മറ്റൊരു ഭൂമി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രീം കോടതി അനുമതി നല്‍കി. ഈ ആവശ്യം ഉന്നയിച്ച് ലഭിക്കുന്ന അപേക്ഷ, നിയമത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. എന്നാല്‍ പാട്ടക്കരാര്‍ 2002-ല്‍ റദ്ദാക്കിയതായും ഈ ഭൂമി ഹൈക്കോടതിയുടെ വികസനത്തിന് കൈമാറിയതാണെന്നും ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ മസ്ജിദ് സ്ഥിതി ചെയ്യുന്നത് ഹൈക്കോടതി വളപ്പില്‍ അല്ലെന്നും ഹൈക്കോടതിക്ക് മുന്നിലെ റോഡിന് അപ്പുറത്ത് ആണെന്നും ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here