കീറ്റോ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം

0
185

വാഷിങ്ടണ്‍: കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറച്ച്, കൊഴുപ്പടങ്ങിയ ഭക്ഷണം കൂടുതലായി കഴിച്ചുകൊണ്ട് പിന്തുടരുന്ന ഭക്ഷണരീതിയാണ് കീറ്റോജെനിക് ഭക്ഷണക്രമം. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഊര്‍ജം കൊഴുപ്പിലൂടെ കണ്ടെത്താന്‍ ശരീരത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. കീറ്റോ ഡയറ്റ് വഴി ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, പ്രമേഹം, ക്യാന്‍സര്‍, അപസ്മാരം, അല്‍ഷിമേഴ്‌സ് മുതലായ രോഗങ്ങള്‍ ഉണ്ടാവുന്നത് തടയാനും സാധിക്കുമെന്നും പല പഠനങ്ങളും പറയുന്നുണ്ട്.

എന്നാല്‍, ഈയടുത്ത് അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ പറയുന്നത് കീറ്റോഡയറ്റ് പിന്തുടരുന്നത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂട്ടുമെന്നാണ്. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ആന്വല്‍ സയിന്റിഫിക് സെഷനില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഇപ്രകാരം പറയുന്നത്. കീറ്റോജെനിക് ഡയറ്റ് എടുക്കുന്ന് ‘മോശം കൊളസ്‌ട്രോള്‍’ ആയ ‘ലോ ഡെന്‍സിറ്റി ലൈപ്പോപ്രോട്ടീന്റെ’ (എല്‍ഡിഎല്‍) ഉത്പാദനം കൂട്ടുമെന്നും ഇത് ഹൃദയ രോഗങ്ങള്‍ ഉണ്ടാക്കുമെന്നുമാണ് ഇവരുടെ കണ്ടെത്തല്‍.

കീറ്റോ ഡയറ്റ് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന വിധം

സാധാരണഗതിയില്‍ നമ്മുടെ ശരീരം കാര്‍ബോഹൈഡ്രേറ്റിനെ വിഘടിപ്പിച്ച് ഗ്ലൂക്കോസാക്കി അതിനെ രക്തത്തിലേക്ക് റിലീസ് ചെയ്താണ് കോശങ്ങളുടെ പ്രവര്‍ത്തനത്തിനാവശ്യമായ ഊര്‍ജം ഉത്പാദിപ്പിക്കുന്നത്. എന്നാല്‍, ആവശ്യത്തിന് കാര്‍ബോഹൈഡ്രേറ്റ് ലഭിക്കാതെ വരുമ്പോള്‍ ഊര്‍ജത്തിനായി ശരീരം കൊഴുപ്പിനെ ആശ്രയിക്കും. ഈ പ്രക്രിയ ‘കീറ്റോസിസ്’ എന്നാണ് അറിയപ്പെടുന്നത്. ഇതാണ് കീറ്റോഡയറ്റില്‍ സംഭവിക്കുന്നത്. 75% കൊഴുപ്പും 20% പ്രോട്ടീനും 5% കാര്‍ബോഹൈഡ്രേറ്റുമാണ് ഈ ഭക്ഷണക്രമത്തിലുള്ളത്. വെളിച്ചെണ്ണ, ബട്ടര്‍, ചീസ്, മയണൈസ്, മാംസം മുതലായവ ഈ ഡയറ്റില്‍ അനുവദനീയമാണ്. എന്നാല്‍, ധാന്യങ്ങള്‍ കൊണ്ടുണ്ടാക്കുന്ന, കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഒരു ഭക്ഷണവും ഇത്തരക്കാര്‍ ഉപയോഗിക്കാന്‍ പാടില്ല.

ഹൃദയത്തെ ബാധിക്കുന്ന വിധം

കീറ്റോയോ അതിന് സമാനമായ മറ്റ് ഡയറ്റുകളോ പിന്തുടരുന്നവര്‍ക്ക് സ്റ്റെന്റുകള്‍ ആവശ്യമായ ആര്‍ട്ടെറി ബ്ലോക്കേജ്, ഹൃദയാഘാതം, മസ്തിഷ്‌കാഘാതം, പെരിഫെറല്‍ ആര്‍ട്ടീരിയല്‍ ഡിസീസ് മുതലായവ വരാനുള്ള സാധ്യത മറ്റുള്ളവരെക്കാള്‍ ഇരട്ടിയിലധികമാണെന്നാണ് പന്ത്രണ്ട് വര്‍ഷത്തെ പഠനത്തില്‍ കണ്ടെത്തിയത്.

എന്നാല്‍, പഠനം നടത്തിയ ആളുകളില്‍ കൂടുതല്‍പേരും കീറ്റോ ഡയറ്റ് പിന്തുടരുന്നതിന് മുമ്പും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഉയര്‍ന്ന സാധ്യതയുണ്ടായിരുന്നവരാണെന്നും ശ്രദ്ധിക്കേണ്ട സംഗതിയാണ്. ഏതായാലും, ഈ മേഖലയില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here