ഗതാഗത കുരുക്കില്‍ കുടുങ്ങി; പരീക്ഷയ്ക്ക് സമയത്ത് എത്താന്‍ കഴിയില്ല, പെണ്‍കുട്ടികള്‍ കരഞ്ഞുകൊണ്ട് പൊലീസ് സ്റ്റേഷനില്‍

0
209

ഗതാഗതക്കുരുക്കില്‍ കുടുങ്ങി പരീക്ഷ മുടങ്ങുമെന്നായപ്പോള്‍ ആ മൂന്നു പെണ്‍കുട്ടികള്‍ കരഞ്ഞുകൊണ്ട് ഓടിച്ചെന്നത് പൊലീസ് സ്റ്റേഷനിലേക്ക്. ഒരു നിമിഷം പോലും വൈകാതെ മൂവരെയും ജീപ്പിലിരുത്തി പൊലീസുകാര്‍ പരീക്ഷാ ഹാളിലെത്തിച്ചു.

വണ്ടിത്താവളം കെകെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൊമേഴ്‌സ് വിഭാഗം പ്ലസ് വണ്‍ വിദ്യാര്‍ഥികളായ മീര, കാവ്യ, നവ്യ എന്നിവരെയാണു കൊല്ലങ്കോട് പൊലീസ് സമയത്തു സ്‌കൂളിലെത്തിച്ചത്.

കൊല്ലങ്കോട്ടുനിന്നു വടവന്നൂര്‍ വഴി വണ്ടിത്താവളത്തേക്കു പോകുന്ന സ്വകാര്യ ബസിലാണു കുട്ടികള്‍ കയറിയത്. ഒന്നര കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ആലമ്പള്ളം ചപ്പാത്തിലായിരുന്നു ഗതാഗതതടസ്സം. ഗുഡ്‌സ് ഓട്ടോ കേടുവന്നു ചപ്പാത്തില്‍ കുരുങ്ങിയതായിരുന്നു പ്രശ്‌നം. കൃത്യസമയത്തു സ്‌കൂളില്‍ എത്തിക്കാന്‍ കഴിയില്ലെന്നു ബസുകാര്‍ അറിയിച്ചതോടെ പല വാഹനങ്ങള്‍ക്കും കൈകാട്ടിയെങ്കിലും ആരും നിര്‍ത്തിയില്ല.

ടാക്‌സി വാഹനങ്ങളില്‍ പോകാന്‍ പണമില്ലായിരുന്നു. ഇതോടെയാണു കുട്ടികള്‍ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെത്തിയത്. കുട്ടികളെ സമയത്ത് എത്തിക്കാമെന്നു പൊലീസ് തന്നെ സ്‌കൂളില്‍ അറിയിച്ചു.

ഉടനെ തന്നെ പൊലീസ് വാഹനത്തില്‍ മൂവരെയും കയറ്റി വണ്ടിത്താവളത്തെ പരീക്ഷാ ഹാളില്‍ കൃത്യസമയത്ത് എത്തിച്ചു. അധ്യാപകരെ കണ്ടു വിവരമറിയിച്ചു കുട്ടികള്‍ പരീക്ഷയെഴുതിയെന്ന് ഉറപ്പാക്കിയ ശേഷമാണു പൊലീസ് മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here