നിര്‍ണായക തീരുമാനം അറിയിച്ച് സ്റ്റോക്‌സ്; മിന്നലടിയേറ്റ് സിഎസ്‌കെ

0
261

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാാം സീസണ് ഇന്ന് കൊടിയേറും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. സീസണിലെ ആദ്യ മത്സരത്തിനായി ചെന്നൈ ഇറങ്ങുമ്പോള്‍ ആരാധകര്‍ക്ക് അത്ര സുഖകരമല്ലാത്ത വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഡ്വെയ്ന്‍ ബ്രാവോ അവസാന സീസണോടെ വിരമിച്ച ഒഴിവിലേക്ക് സിഎസ്‌കെ പരിഗണിച്ച താരമാണ് ബെന്‍ സ്റ്റോക്സ്. എന്നാല്‍ സ്റ്റോക്‌സ് മുന്നോട്ടുവെച്ചിരിക്കുന്ന ഒരു തീരുമാനം സിഎസ്‌കെയെ വെട്ടിലാക്കിയിരിക്കുകയാണ്.

താരം ഐപിഎല്ലില്‍ പന്തെറിയില്ല എന്നും ബാറ്റ്സ്മാനെന്ന നിലയില്‍ മാത്രമാവും സിഎസ്‌കെയ്ക്ക് സ്റ്റോക്സിനെ ലഭ്യമാവുക എന്നുമാണ് പുതിയ റിപ്പോര്‍ട്ട്. ആഷസ് ടെസ്റ്റ് വരാനിരിക്കെ പരിക്കിന്റെ സാധ്യത കുറക്കാനാണ് ഇംഗ്ലണ്ട് ടെസ്റ്റ് നായകനായ സ്റ്റോക്സ് ബോളിംഗില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. സ്റ്റോക്സിന്റെ തീരുമാനം നേരത്തെ തന്നെ സിഎസ്‌കെയെ അറിയിച്ചതാണെന്നാണ് റിപ്പോര്‍ട്ട്.

സ്‌റ്റോക്‌സിന്റെ ഈ തീരുാമനം ടീമിന് കടുത്ത തിരിച്ചടിയായി മാറുമെന്നുറപ്പാണ്. സ്റ്റോക്സ് പന്തെറിഞ്ഞിരുന്നെങ്കില്‍ ഒരു പേസ് ബൗളറെ കുറച്ച് സാഹചര്യത്തിനനുസരിച്ച് സ്പിന്‍ കരുത്തോ ബാറ്റിങ് കരുത്തോ ഉയര്‍ത്താനുള്ള അവസരം സിഎസ്‌കെയ്ക്ക് ലഭിക്കുമായിരുന്നു. എന്നാല്‍ സ്റ്റോക്സ് പന്തെറിയാതിരിക്കുന്നതോടെ സിഎസ്‌കെയ്ക്ക് ഇത് സാധിക്കില്ല.

ഉദ്ഘാടന മത്സരം കളിക്കാന്‍ എംഎസ് ധോണിയുണ്ടാവില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. അവസാന ഘട്ട പരിശീലനത്തിനിടെ പരിക്കേറ്റ ധോണി ആദ്യ മത്സരത്തില്‍ നിന്ന് വിട്ടുനിന്നേക്കും. അങ്ങനെ സംഭവിച്ചാല്‍ സിഎസ്‌കെയെ സ്‌റ്റോക്‌സ് നയിക്കും.