മുംബൈ: ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് ഇത്തവണ ഐപിഎല്ലില്‍ കളിക്കുമോ?. ഐപിഎല്‍ താരലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്ന സ്മിത്ത് ഐപിഎല്ലിന്‍റെ ഭാഗമാകാന്‍ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. സ്മിത്ത് ട്വീറ്റ് ചെയ്ത വീഡിയോ ആണ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. ‘നമസ്തേ ഇന്ത്യ’, എന്ന് പറഞ്ഞു തുടങ്ങുന്ന വീഡിയോയില്‍, താന്‍ ഐപിഎല്ലിന്‍റെ ഭാഗമാകാന്‍ പോകുകയാണെന്നും വളരെ ശക്തവും ആരാധക പിന്തുണയുമുള്ള ഒരു ടീമിന്‍റെ ഭാഗമാകുമെന്നും സ്മിത്ത് പറഞ്ഞു.
എന്നാല്‍ ഏത് ടീമിലേക്കാണ് സ്മിത്ത് എത്തുന്നതെന്ന് പറഞ്ഞില്ലെങ്കിലും മുംബൈ ഇന്ത്യന്‍സിലേക്കാണ് സ്മിത്ത് വരുന്നതെന്ന് ആരാധകര്‍ ട്വീറ്റിന് താഴെ മറുപടിയുമായി എത്തിയിട്ടുണ്ട്. ഐപിഎല്‍ ടീമുകളില്‍ നിലവില്‍ മുംബൈ ഇന്ത്യന്‍സിലും പഞ്ചാബ് കിംഗ്സിലും മാത്രമാണ് ഓരോ വിദേശ താരങ്ങളുടെ ഒഴിവുള്ളത്. അതുകൊണ്ടുതന്നെ ഈ രണ്ട് ടീമുകളില്‍ ഏതെങ്കിലും ഒന്നിലേക്കാകും സ്മിത്ത് എത്തുക എന്നാണ് റിപ്പോര്‍ട്ട്. രണ്ട് ടീമിനും ശക്തമായ ബാറ്റിംഗ് നിരയുണ്ടെങ്കിലും സ്മിത്തിനെ ഉള്‍പ്പെടുത്തിയാല്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒരു വിദേശതാരത്തെ ഒഴിവാക്കേണ്ടിവരും.
— Steve Smith (@stevesmith49) March 27, 2023
2012ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ സ്മിത്ത് ഇതുവരെ 103 മത്സരങ്ങളില്‍ നിന്നായി 2485 റണ്‍സടിച്ചിട്ടുണ്ട്. ഒരു സെഞ്ചുറിയും 11 അര്‍ധസെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. ഡിസംബറില്‍ നടന്ന ഐപിഎല്‍ മിനി താരലേലത്തില്‍ ആരും ടീമില്‍ എടുത്തില്ലെങ്കിലും താരലേലലത്തിനുശേഷം നടന്ന ഓസ്ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷില്‍ സിഡ്നി സിക്സേഴ്സിനായി ഓപ്പണറായി ഇറങ്ങിയ സ്മിത്ത് തകര്‍പ്പന്‍ ഫോമിലായിരുന്നു.
ON THE ROOF.
Steve Smith 🔥 #BBL12 pic.twitter.com/XLxROgo7hW
— 7Cricket (@7Cricket) January 23, 2023
അഞ്ച് മത്സരങ്ങളില്‍ മാത്രം സിക്സേഴ്സിനായി കളിച്ച സ്മിത്ത് രണ്ട് സെഞ്ചുറി അടക്കം 86.5 ശരാശരിയില്‍ 346 റണ്‍സാണ് അടിച്ചുകൂട്ടിയത്. 25 സിക്സ് അടിച്ച് ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ച താരമായ സ്മിത്ത് സിക്സേഴ്സിനായി സെഞ്ചുറി നേടുന്ന ആദ്യ ബാറ്ററുമായി. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഏകദിനം പരമ്പരയിലും ബാറ്റിംഗില്‍ തിളങ്ങിയില്ലെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ സ്മിത്ത് കൈയടി നേടിയിരുന്നു.