ആത്മീയമായും ശാരീരികമായും വ്രതം മനുഷ്യനെ ശുദ്ധീകരിക്കുന്നു. സ്ഥിരം ജീവിതക്രമത്തില്‍ നിന്ന് പെട്ടന്നുള്ള ഒരു മാറ്റമാണ് റമദാനില്‍. ഇക്കാലയളവില്‍ ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ നിഷ്ടപുലര്‍ത്തുന്ന നമ്മള്‍ ആരോഗ്യകാര്യങ്ങളെ പാടെ അവഗണിക്കുന്നതാണ് പതിവ്. പകല്‍ മുഴുവന്‍ നോമ്പെടുക്കുന്നവര്‍ നോമ്പുതുറ സമയത്തും ശേഷവും മത്സരബുദ്ധിയോടെ ഭക്ഷണം വാരിവലിച്ച് കഴിക്കുന്നതാണ് പലരുടേയും രീതി. ഈ രീതി നോമ്പുകൊണ്ട് മതം ഉദ്ദേശിക്കുന്ന ലക്ഷ്യത്തില്‍ നിന്ന് അകറ്റുന്നുവെന്ന് മാത്രമല്ല, വിശ്വാസിയെ രോഗിയാക്കാനും ഇടയാക്കുന്നു. ഇക്കാലത്ത് ആരോഗ്യകാര്യങ്ങളിലും ഭക്ഷണകാര്യങ്ങളിലും പ്രത്യേകം ശ്രദ്ധവേണം.
റമദാനില്‍ ആരോഗ്യത്തോടെയിരിക്കാന്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ കൃത്യമായി തെരഞ്ഞെടുക്കുക തന്നെ വേണം. രാവിലെ ഉണരുമ്പോഴും നമ്മുടെ ജോലികള്‍ ഊര്‍ജസ്വലമായി ചെയ്തുതീര്‍ക്കേണ്ടതുണ്ട്. ഉപവാസ സമയത്ത് ഭക്ഷണം നല്ലത് തെരഞ്ഞെടുക്കുമ്പോള്‍ ഒഴിവാക്കേണ്ടവയുമുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം..
കാര്‍ബോഹൈഡ്രേറ്റ്‌സ്
ഉപവാസത്തിനുശേഷം, കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളുടെ ദഹനപ്രക്രിയ കടുപ്പമാക്കും. അതിനാല്‍ വറുത്ത ഭക്ഷണങ്ങള്‍, ഫ്രഞ്ച് ഫ്രൈകള്‍, ഉരുളക്കിഴങ്ങ് ചിപ്‌സ്, അരിഭക്ഷണങ്ങള്‍, മറ്റ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങള്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നുണ്ടെങ്കില്‍ തന്നെ, അവ മിതമായ അളവിലാണ് കഴിക്കുന്നതെന്ന് ഉറപ്പാക്കുക.
ടിന്നിലടച്ച ഭക്ഷണം
ടിന്നിലടച്ച ഭക്ഷണങ്ങള്‍ ഉപയോഗിക്കാനെളുപ്പമാണ്. മാത്രമല്ല, ഭക്ഷണങ്ങള്‍ ഉണ്ടാക്കാനുള്ള സമയനഷ്ടവും ഇല്ല. എന്നാല്‍ അവ കേടുകൂടാതെ ഇരിക്കുവാന്‍ പലപ്പോഴും പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കുന്നുണ്ട്. കുറഞ്ഞ പോഷകങ്ങള്‍ നല്‍കുന്ന ഇവ കഴിക്കുന്നത് കൊണ്ട് ശരീരത്തിന് പ്രത്യേകിച്ച് ആരോഗ്യഗുണമൊന്നുമില്ല, മാത്രമല്ല ദോഷങ്ങളും ഏറെയാണ്. നോമ്പ് സമയത്ത് നമ്മുടെ ശരീരത്തിന് ആവശ്യമായത് ഏറെ പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണങ്ങളാണ്. വിശപ്പ് ശമിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമല്ല, ശരീരത്തിന് ആവശ്യമായത് നല്‍കുക എന്ന ഉദ്ദേശം കൂടി നിങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
കാര്‍ബണേറ്റഡ് പാനീയങ്ങള്‍
ദാഹമകറ്റാന്‍ നമ്മള്‍ പെട്ടന്ന് വാങ്ങിക്കുടിക്കുന്നത് കാര്‍ബണേറ്റഡ് പാനിയങ്ങളാണ്. സോഡയും മറ്റ് പാനീയങ്ങളും വയറു വീര്‍ക്കുന്നതിനും വയറിന് അസ്വസ്ഥതയ്ക്കും കാരണമാകും, പ്രത്യേകിച്ച് ഒഴിഞ്ഞ വയറ്റില്‍ കഴിക്കുമ്പോള്‍. ഈ പാനീയങ്ങളില്‍ ഉയര്‍ന്ന അളവില്‍ ഗ്യാസ് അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ വയറ്റില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും, അതിനാല്‍ നിങ്ങളുടെ ഉപവാസസമയത്ത് അവ ഒഴിവാക്കുന്നതാണ് നല്ലത്.
മധുരപലഹാരങ്ങള്‍
മധുരപലഹാരങ്ങളായ ഗുലാബ് ജാമൂണ്‍, ലഡ്ഡൂ, ഖീര്‍, തുടങ്ങിയവ നമുക്കേവര്‍ക്കും പ്രിയപ്പെട്ടതായിക്കാം. എന്നാല്‍ ഉപവാസത്തിന് ശേഷം ഇത് കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടന്ന് ഉയരുന്നതിന് കാരണമാകും. എപ്പോഴും മിതമായ മധുരം കഴിക്കുന്നതാണ് ശരീരത്തിന് നല്ലത്. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ പഞ്ചസാരയുടെ അളവ് പരിമിതപ്പെടുത്തുകയും പകരം ആരോഗ്യകരമായ ബദലുകള്‍ തിരഞ്ഞെടുക്കുകയും ചെയ്യുന്നതാണ് നല്ലത്.
ഉപ്പ് കൂടിയ ഭക്ഷണങ്ങള്‍
നിങ്ങളുടെ ഭക്ഷണത്തില്‍ കുറച്ച് ഉപ്പ് ആവശ്യമാണെങ്കിലും, അമിതമായ അളവില്‍ ഉപ്പ് കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഉപവാസസമയത്ത് ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഉപ്പ് ഉയര്‍ന്ന അളവില്‍ ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ അതിനനുസരിച്ച് വെള്ളം കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
റമദാനില്‍ വെള്ളം ധാരാളം കുടിക്കുക. കുടുതല്‍ ഒന്നിച്ച് കഴിക്കുന്നതിന്ന് പകരം കുറേശ്ശെയായി ഇടവിട്ട് കഴിക്കുക. എണ്ണയില്‍ പൊരിക്കുന്നതിന് പകരം ആവിയില്‍ വേവിക്കുക. അല്ലെങ്കില്‍ ഡ്രില്‍ ചെയ്യുക. ചുവന്ന മുളക് ഉപയോഗിക്കുന്നതിന്ന് പകരം കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഉപയോഗിക്കുന്നത് ദഹനത്തിന് സഹായിക്കും, ഗ്യാസ്ട്രബിള്‍ കുറക്കും. അത്താഴം ഒരിക്കലും ഒഴിവാക്കരുത്.
ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മറക്കരുത്. ആരോഗ്യമുള്ള ഒരു നോമ്പുകാലം നിങ്ങള്‍ക്കുണ്ടാവാന്‍ പ്രാര്‍ഥിക്കുന്നു…