ഒരു വയസുള്ള കുഞ്ഞിനെ കുത്തൊഴുക്കുള്ള പുഴയ്ക്ക് സമീപം ഉപേക്ഷിച്ച് കടന്നുപോകുന്നയാള്‍; വീഡിയോ…

0
148

ജനിച്ചയുടനെയും നടക്കാൻ പോലും പാകമായിട്ടില്ലാത്ത പ്രായത്തിലുമെല്ലാം കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കടന്നുകളയുന്നവരുണ്ട്. നിയമപരമായി ഏത് രാജ്യത്തും ഇത് കുറ്റകരം തന്നെയാണ്. പ്രത്യേകിച്ച് അപകടകരമായ സാഹചര്യങ്ങളില്‍ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നത്. അമ്മത്തൊട്ടില്‍ പോലുള്ള ആശയങ്ങള്‍ ഉരുത്തിരിഞ്ഞ് വന്നിട്ടുള്ളത് പോലും ഇങ്ങനെ അപകടകരമായ അവസ്ഥകളില്‍ കുഞ്ഞുങ്ങള്‍ ഉപേക്ഷിക്കപ്പെട്ടുകൂട എന്ന കരുതലിലാണ്.

ഇപ്പോഴിതാ ഒരു വയസ് പോലും പ്രായമായിട്ടില്ലാത്ത കുഞ്ഞിനെ കുത്തിയൊഴുകുന്ന പുഴയുടെ സമീപത്തായി ഉപേക്ഷിച്ച ശേഷം മടങ്ങുന്ന ഒരാളുടെ വീഡിയോ ആണ് ഏറെ ശ്രദ്ധ നേടുന്നത്. യുഎസ്- മെക്സിക്കോ അതിര്‍ത്തിയിലാണ് സംഭവം.

മെക്സിക്കോയില്‍ നിന്ന് അനധികൃതമായി ധാരാളം പേര്‍ യുഎസിലേക്ക് കടക്കാൻ ശ്രമിക്കാറുണ്ട്. തങ്ങളുടെ നാട്ടിലെ സാമ്പത്തികപ്രയാസങ്ങളാണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത്. എന്നാല്‍ നിയമപരമായിട്ടല്ലാതെ അതിര്‍ത്തി കടന്നെത്താൻ ശ്രമിക്കുന്നവര്‍ പലപ്പോഴും ലക്ഷ്യത്തിലെത്താതെ പിടിക്കപ്പെടാറുമുണ്ട്.

ഓരോ മാസവും ശരാശരി 2 ലക്ഷം പേരെങ്കിലും മെക്സിക്കോയില്‍ നിന്ന് അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിക്കാറുണ്ടെന്നാണ് ന്യൂസ് ഏജൻസിയായ ‘എഎഫ്‍പി’ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാമ്പത്തികപ്രശ്നങ്ങള്‍ക്ക് പുറമെ കുറ്റകൃത്യങ്ങളുടെയും ലഹരി മാഫിയകളുടെയും ഒരു കേന്ദ്രം കൂടിയാണ് മെക്സിക്കോ.

ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുന്നതും ഒരു കള്ളക്കടത്തുകാരനാണെന്നാണ് ‘ന്യൂയോര്‍ക്ക് പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇദ്ദേഹം കുഞ്ഞിനെയും കൊണ്ട് പുഴ നീന്തി എത്തുന്നതും ശേഷം കുഞ്ഞിനെ അവിടെ നിര്‍ത്തി തിരിച്ച് പുഴയിലേക്ക് തന്നെ ഇറങ്ങുന്നതുമെല്ലാം സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞ വീഡിയോയില്‍ വ്യക്തമായി കാണാം.

എന്നാല്‍ സംഭവം നടക്കുമ്പോള്‍ തന്നെ ക്യാമറയിലെ രംഗം ശ്രദ്ധയില്‍ പതിഞ്ഞ ഉദ്യോഗസ്ഥര്‍ ശരവേഗത്തില്‍ അവിടെയെത്തി കുഞ്ഞിനെ സുരക്ഷിതമായി എടുത്തുകൊണ്ട് പോരുകയായിരുന്നു. ഇതും വീഡിയോയില്‍ കാണാം.

കുഞ്ഞിനെ ഉപേക്ഷിക്കാൻ തീരുമാനിച്ച ആള്‍ പക്ഷേ, ഇത്രമാത്രം അപകടകരമായ സാഹചര്യത്തില്‍ കുഞ്ഞിനെ നിര്‍ത്തിപ്പോയതാണ് ഏവരെയും ചൊടിപ്പിക്കുന്നത്. കുഞ്ഞ് നടക്കുന്നതിനിടെ അബദ്ധത്തില്‍ പുഴയിലേക്കെങ്ങാൻ വീണിരുന്നെങ്കില്‍ നിമിഷങ്ങള്‍ കൊണ്ട് തന്നെ കുഞ്ഞിന് ജീവൻ നഷ്ടപ്പെടുമായിരുന്നു. എന്തായാലും സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ കുഞ്ഞിനെ സുരക്ഷിതമാക്കിയതില്‍ ഏവരും സന്തോഷവും രേഖപ്പെടുത്തുന്നുണ്ട്. കുഞ്ഞിനെ സുരക്ഷിതമാക്കിയതിന് ശേഷമുള്ള ചിത്രവും ഉദ്യോഗസ്ഥര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

smuggler leaving behind a one year old baby near river the video going viral hyp

വീഡിയോ കാണാം…

LEAVE A REPLY

Please enter your comment!
Please enter your name here