യുവതിയോട് ഹിജാബ് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ട് ആക്രോശം, ദൃശ്യം പ്രചരിപ്പിച്ചു; 7 പേർ അറസ്റ്റിൽ

0
318

വെല്ലൂർ ∙ തമിഴ്നാട്ടിലെ വെല്ലൂരിൽ ഹിജാബ് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് യുവതിയെയും സുഹൃത്തിനെയും തടഞ്ഞുവച്ച സംഭവത്തിൽ ഏഴു പേർ അറസ്റ്റിൽ. കഴിഞ്ഞ തിങ്കളാഴ്ച വെല്ലൂർ കോട്ടയിൽ സന്ദർശനത്തിന് എത്തിയ യുവതിയെയാണ്, ഹിജാബ് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ഏഴു പേർ ചേർന്ന് തടഞ്ഞുവച്ചത്. സംഭവത്തിൽ പ്രതിഷേധം വ്യാപകമായതോടെയാണ് കുറ്റക്കാരെ പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ഉൾപ്പെടെ ഏഴു പേരെയാണ് കസ്റ്റഡിയിലെടുത്തത്. 18 വയസ് തികയാത്ത യുവാവിനെ ജുവനൈൽ ഹോമിലേക്കു മാറ്റി. എസ്.ഇമ്രാൻ പാഷ, കെ.സന്തോഷ്, ഇബ്രാഹിം ബാഷ, സി.പ്രശാന്ത്, അഷ്റഫ് ബാഷ, മുഹമ്മദ് ഫൈസൽ എന്നിവരും ഒരു പതിനേഴുകാരനുമാണ് അറസ്റ്റിലായത്.

ഹിജാബ് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയുമാണ് തടഞ്ഞുനിർത്തിയത്. കോട്ടയ്‌ക്കുള്ളിൽ പ്രവേശിക്കുന്നവർ ഹിജാബ് ധരിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രോശം. ഒഴിഞ്ഞുമാറാൻ ശ്രമിച്ച പെൺകുട്ടിയുടെയും സുഹൃത്തിന്റെയും പിന്നാലെ നടന്ന് ഇവർ ദൃശ്യങ്ങൾ പകർത്തി.

പിന്നീട് അക്രമി സംഘത്തിൽ ഉൾപ്പെട്ടവർ തന്നെയാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ദൃശ്യങ്ങൾ വൈറലായതോടെ കടുത്ത പ്രതിഷേധമാണ് അക്രമികൾക്കെതിരെ ഉയർന്നത്. പ്രതിഷേധം ശക്തമായതോടെ പൊലീസ് സ്വമേധയാ കേസെടുത്തു.

പിടിയിലായവരിൽ കൂടുതൽ പേരും ഓട്ടോ ഡ്രൈവർമാരാണ്. റിമാൻഡിലായ ഇവരുടെ ഫോണുകൾ പരിശോധനയ്ക്കായി പിടിച്ചെടുത്തു. മതവികാരം വ്രണപ്പെടുത്തി എന്നത് ഉൾപ്പെടെയുള്ള വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തെ തുടർന്ന് കോട്ടയിൽ പൊലീസ് പരിശോധന ശക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here